തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തിന് സമീപം തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് നടപടി.
ആനാകുടി ഊന്നൻപാറ സ്വദേശിയായ രജിൻ (58) എന്നയാൾക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആനാകുടി മുളവന സ്കൂളിന് സമീപത്തുവെച്ച് പ്രദേശത്ത് കാണപ്പെട്ട തെരുവുനായയ്ക്ക് പ്രതി വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഈ നായയുടെ ജഡം ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ രഹസ്യമായി കുഴിച്ചുമൂടുകയും ചെയ്തു. ഈ ക്രൂരകൃത്യം ശ്രദ്ധയിൽപ്പെട്ട
‘ഓപ്പറേഷൻ സ്ട്രീറ്റ് ഡോഗ് ഓർഗനൈസേഷൻ’ ഭാരവാഹികൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും, വിഷയം മൃഗസംരക്ഷണ പ്രവർത്തകയായ മനേക ഗാന്ധിയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ പ്രാദേശികമായി പൊലീസിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന് മനേക ഗാന്ധി നേരിട്ട് റൂറൽ എസ്പിയെ ബന്ധപ്പെടുകയും അടിയന്തര അന്വേഷണത്തിന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ ഔദ്യോഗികമായി കേസെ രജിസ്റ്റർ ചെയ്തത്. ഉന്നതതല ഇടപെടലിനെ തുടർന്ന് നെടുമങ്ങാട് തഹസിൽദാറുടെ സാന്നിധ്യത്തിൽ പുരയിടത്തിൽ കുഴിച്ചുമൂടിയ നിലയിലായിരുന്ന ജഡം പുറത്തെടുത്തു.
തുടർന്ന് വാമനപുരം വെറ്റിനറി സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നായയുടെ ആന്തരികാവയവങ്ങളിൽ വിഷം ചെന്നിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പ്രതിയായ രജിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇയാൾ പ്രദേശത്ത് പതിവായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന മിണ്ടാപ്രാണികളെ വിഷം നൽകി കൊലപ്പെടുത്താറുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

