ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, മാധുരി ദീക്ഷിത് എന്നിവരുൾപ്പെടെ പ്രമുഖർ ഓഹരി ഉടമകളായുള്ള ആഡംബര ഫാഷൻ റീട്ടെയ്ൽ കമ്പനിയായ പർപ്പിൾ സ്റ്റൈൽ ലാബ്സിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണം. പെർണിയാസ് പോപ്പ്-അപ്പ് ഷോപ്പ് എന്ന ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനിയുടെ ഐപിഒയുടെ ആദ്യ ദിനമായ ഇന്ന് ഉച്ചവരെയുള്ള കണക്കുകൾ പ്രകാരമാണ് മികച്ച സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.
ലഭിച്ച മൊത്തം സബ്സ്ക്രിപ്ഷന്റെ 22 ശതമാനവും റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മൊത്തം 680 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.
ഇതിനായി 546-575 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരി വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യുന്നതിന് മുൻപുള്ള ഗ്രേ മാർക്കറ്റിൽ കമ്പനിയുടെ ഓഹരിക്ക് 28 രൂപ അധിക വില നിലവിലുണ്ട്.
ഇതുപ്രകാരം, ഐപിഒയിലെ ഉയർന്ന വിലയായ 575 രൂപയിൽ നിന്ന് ഓഹരികൾ ഏകദേശം 603 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും, അതുവഴി നിക്ഷേപകർക്ക് ഏതാണ്ട് 5 ശതമാനം വരെ നേട്ടം ലഭിച്ചേക്കാമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഗ്രേ മാർക്കറ്റ് പ്രീമിയം എന്നത് ഔദ്യോഗിക വിലയല്ലെന്നതും ഇത് മാറിക്കൊണ്ടിരിക്കാമെന്നതും നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്ന് 371.1 കോടി രൂപ ഉപസ്ഥാപനമായ പിഎസ്എൽ റീട്ടെയ്ലിന്റെ പ്രവർത്തനച്ചെലവുകൾക്കായും, 138.9 കോടി രൂപ സെയിൽസ്, മാർക്കറ്റിങ് വിപുലീകരണത്തിനുമാണ് കമ്പനി പ്രധാനമായും വിനിയോഗിക്കുന്നത്. ബാക്കി തുക മറ്റ് പൊതു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തും.
പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) മാത്രമാണ് ഈ ഐപിഒയിലുള്ളത്. നിലവിലെ ഓഹരി ഉടമകൾ ഓഹരികൾ വിൽക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതിനാൽ തന്നെ ഐപിഒ വഴി സമാഹരിക്കുന്ന മുഴുവൻ തുകയും കമ്പനിയുടെ വളർച്ചാ ആവശ്യങ്ങൾക്കായി നേരിട്ട് ഉപയോഗിക്കാൻ സാധിക്കും. സെപ്റ്റംബർ 2 വരെയാണ് ഐപിഒ സബ്സ്ക്രിപ്ഷനായി ലഭ്യമായിട്ടുള്ളത്.
തുടർന്ന് സെപ്റ്റംബർ 7ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ഓഹരികളുടെ ഔദ്യോഗിക ലിസ്റ്റിങ് നടക്കും. സാമ്പത്തിക കണക്കുകൾ പരിശോധിക്കുമ്പോൾ, 2025-26 സാമ്പത്തിക വർഷത്തിൽ 558 കോടി രൂപയാണ് പർപ്പിൾ സ്റ്റൈൽ ലാബ്സിന്റെ പ്രവർത്തനവരുമാനം.
മുൻ വർഷമായ 2024-25ൽ ഇത് 490 കോടി രൂപയായിരുന്നു. അതേസമയം, കമ്പനിയുടെ നഷ്ടം 188 കോടി രൂപയിൽ നിന്ന് 285 കോടി രൂപയായി വർധിച്ചിട്ടുമുണ്ട്.
ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ഇതിനോടകം തന്നെ ഷോറൂം സാന്നിധ്യമുണ്ട്. കണക്കുകൾ പ്രകാരം സച്ചിൻ തെണ്ടുൽക്കർക്ക് കമ്പനിയിൽ 1.09 ലക്ഷം ഓഹരികളാണുള്ളത്.
ഗൗരി ഖാൻ ഫാമിലി ട്രസ്റ്റ് മുഖേന ഷാറുഖ് ഖാന് 59,940 ഓഹരികളും, സൽമാൻ ഖാന്റെ പക്കൽ സമാനമായ അളവിൽ 59,940 ഓഹരികളും, മാധുരി ദീക്ഷിതിന്റെ കൈവശം 49,950 ഓഹരികളുമാണ് ഉള്ളത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

