പാക്കിസ്ഥാനുമായുള്ള നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് അഫ്ഗാനിസ്ഥാൻ ഭരണകൂടം അതിർത്തികൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലായി മധ്യേഷ്യൻ രാജ്യങ്ങൾ. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട
കിടക്കുന്ന ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പാക്ക്-അഫ്ഗാൻ തർക്കത്തെ തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിലെ തുറമുഖങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി പുതിയൊരു യാത്രാമാർഗ്ഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും.
അഫ്ഗാനിസ്ഥാനെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ചൈനീസ് റെയിൽപ്പാത വഴി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ചൈന വഴി ചരക്കുകൾ എത്തിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക കരാർ ഒപ്പുവെക്കൽ നടപടികളിലേക്ക് പാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും ഉടൻ തന്നെ പ്രവേശിക്കും. നിലവിൽ ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും ചൈനയുമായി ചേർന്ന് അവിടത്തെ റെയിൽ സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാതയുടെ നിർമ്മാണത്തിലാണ്.
ഈ പാത വഴി പാക്കിസ്ഥാനിലെ തുറമുഖങ്ങളെയും ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ റെയിൽപ്പാത പൂർണ്ണമായി യാഥാർത്ഥ്യമാകുവാൻ ഇനിയും നിരവധി വർഷങ്ങൾ ആവശ്യമാണെന്ന വലിയ വെല്ലുവിളിയുമുണ്ട്.
ഈ കാലതാമസം മൂലം ചരക്കുനീക്കത്തിന് തടസ്സമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി, ചൈന വഴി ട്രക്കുകൾ നേരിട്ട് പാക്കിസ്ഥാന്റെ തുറമുഖത്ത് എത്തിക്കാനാണ് നിലവിൽ അടിയന്തരമായി തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ഈ മാർഗ്ഗത്തിന് സാമ്പത്തിക ചെലവ് വളരെ കൂടുതലാണ്.
മധ്യേഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അഫ്ഗാൻ വഴി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നതാണ് സാമ്പത്തികമായി ഏറ്റവും അനുയോജ്യമായ രീതി. എന്നാൽ അതിർത്തി തർക്കങ്ങളെ തുടർന്ന് പാക്കിസ്ഥാനാണ് ആദ്യം അതിർത്തികൾ അടച്ചത്.
ഇതേത്തുടർന്ന് അഫ്ഗാനിസ്ഥാനും ശക്തമായ നിലപാടുമായി അതിർത്തികൾ അടച്ചുപൂട്ടുകയായിരുന്നു. നിലവിൽ പാക്ക്-അഫ്ഗാൻ ഉഭയകക്ഷി വ്യാപാരം ഏറക്കുറെ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ മാസങ്ങളായി ചരക്കുലോറികൾ കെട്ടിക്കിടക്കുന്ന കാഴ്ചയാണ് ഉള്ളത്. അഫ്ഗാൻ അതിർത്തി അടഞ്ഞത് പാക്കിസ്ഥാന്റെ മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ അഫ്ഗാനിസ്ഥാനും തങ്ങളുടെ വിദേശ വ്യാപാര ഇടപാടുകൾക്കായി പാക്കിസ്ഥാൻ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളും അഫ്ഗാനിലെ താലിബാൻ ഭരണകൂടം സജീവമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

