തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ, തുടർനടപടികളുടെ ഭാഗമായി കേസെടുക്കുന്ന കാര്യത്തിൽ സർക്കാർ ഇന്ന് നിർണായക തീരുമാനമെടുത്തേക്കുമെന്ന് സൂചന. സംഭവത്തിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
വിഷടത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചോ പ്രത്യേക അന്വേഷണ സംഘമോ (എസ്ഐടി) അന്വേഷണച്ചുമതലയേറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന വകുപ്പുകൾ ചേർത്തും കേസുകൾ രജിസ്റ്റർ ചെയ്യാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കും. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം കൈപ്പറ്റുന്നതും നിയമപ്രകാരം കുറ്റകരമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൂലി വാങ്ങിയിട്ടുള്ളത് മൂന്നാം കക്ഷി മുഖേനയാണെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കൈക്കൂലി നൽകിയതും വാങ്ങിയതും സംബന്ധിച്ചും, പണം നൽകിയത് ആരെന്ന് വ്യക്തമാക്കുന്നതുമായ വ്യക്തമായ തെളിവുകൾ ലഭ്യമാണ്.
വ്യവസായി കർത്തയുടെ മൊഴിയാണ് ഈ വിവരങ്ങളെല്ലാം ശരിവെയ്ക്കുന്നത്. യാതൊരുവിധ സേവനങ്ങളും നല്കാതെയാണ് വൻതുക കൈപ്പറ്റിയിരിക്കുന്നത്.
ഇത് മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയായി ഉദ്യോഗസ്ഥർ വിലയിരുത്തണമെന്നും, കൈപ്പറ്റിയ പണം നിയമപരമായി ആർജിച്ചതാണെന്ന് വീണയ്ക്ക് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇടപാടുകളിൽ പരാമർശിക്കപ്പെടുന്ന ‘പ്രൊമിനന്റ് പേഴ്സൺ’ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
2018-ലെ നിയമഭേദഗതിക്ക് മുൻപും ശേഷവും പണമിടപാടുകൾ നടന്നിട്ടുള്ളതിനാൽ, രണ്ട് കാലയളവിലെയും നിയമവകുപ്പുകൾ പ്രകാരം അന്വേഷണം നടത്താവുന്നതാണ്. മുഹമ്മദ് റിയാസ് വഴി എത്തിയ പണം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകിയ മൊഴിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഈ സാമ്പത്തിക ഇടപാടുകൾ ശരിവെയ്ക്കും വിധത്തിലുള്ള വീണയുടെ പേരിലുള്ള ഡയറിക്കുറിപ്പുകളും ഇ.ഡി നടത്തിയ റെയ്ഡിൽ കണ്ടെടുത്തിരുന്നു. പിണറായി വിജയനും റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശക്തമായ ശുപാർശയോടെയാണ് ഇ.ഡി കത്ത് നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

