ജെറുസലേം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ മുന്നേറ്റം. ആകെ വോട്ടുകളുടെ 42 ശതമാനം എണ്ണിക്കഴിഞ്ഞപ്പോൾ ഭരണപക്ഷം 57 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുമ്പോൾ, ബാക്കി സീറ്റുകളിൽ അറബ് പാർട്ടികളാണ് മുന്നിൽ നിൽക്കുന്നത്. പ്രധാനമന്ത്രിയുടെ ലികുദ് പാർട്ടി ഒറ്റയ്ക്ക് 28 സീറ്റുകളിലും, പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന യാഷാർ പാർട്ടി 21 സീറ്റുകളിലും ലീഡ് ഉറപ്പിച്ചിട്ടുണ്ട്.
ആകെ 120 സീറ്റുകളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യം. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രാരംഭ എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്.
ഈ സാഹചര്യത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമായേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും, അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. വലതുപക്ഷത്തിന്റെ ശക്തമായ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അത്തരം ഒരു സഖ്യത്തിന് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് കരുത്തേകിയത് തന്റെ പിന്തുണയാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യയ്ക്കും ഇസ്രയേലിനും യുഎസിനും അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന താൻ നെതന്യാഹുവിനെ പിന്തുണച്ച ശേഷമാണ് കാര്യങ്ങൾ അനുകൂലമായതെന്ന് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
2023 ഒക്ടോബർ ഏഴിന് രാജ്യത്തിന് നേരേയുണ്ടായ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യവും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.
രാജ്യത്തിന്റെ സൈനിക വിജയങ്ങളും സുരക്ഷാ നടപടികളും ഉയർത്തിക്കാട്ടിയാണ് ലികുദ് പാർട്ടി പ്രചാരണം നയിച്ചതെങ്കിൽ, ഒക്ടോബർ ഏഴിലെ സുരക്ഷാവീഴ്ചകളും അന്വേഷണ കമ്മീഷൻ രൂപീകരിക്കുമെന്ന വാഗ്ദാനവുമാണ് പ്രതിപക്ഷം മുഖ്യവിഷയമാക്കിയത്. തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാൻ 48 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

