കളമശേരി നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി എച്ച്എംടി റോഡ്, സീപോർട്ട് –എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വന്ന അനധികൃത ശീതളപാനീയ തട്ടുകടകൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു.
ഫുട്പാത്തുകൾ കയ്യേറി പ്രവർത്തിച്ചിരുന്ന കടകളിൽ നിന്ന് നിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കണ്ടെടുക്കുകയും റോഡിലേക്ക് ഇറക്കിവെച്ചിരുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യുകയും ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
നഗരസഭയുടെ യാതൊരുവിധ അനുമതിയും കൂടാതെയാണ് ഈ കടകൾ പ്രവർത്തിച്ചിരുന്നത്. ഇതോടൊപ്പം, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരം എറണാകുളം ജില്ലയിൽ ‘ഓപ്പറേഷൻ തെളിമ 2’ എന്ന പേരിൽ പ്രത്യേക പരിശോധനാ ഡ്രൈവ് നടന്നു.
പാചക എണ്ണയുടെ പുനരുപയോഗം തടയുന്നതിനും ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചത്. ചെളിക്കവട്ടം, പൊന്നുരുന്നി, പാലാരിവട്ടം, കറുകപ്പിള്ളി, എറണാകുളം മാർക്കറ്റ്, പള്ളിമുക്ക്, ആലുവ എന്നീ മേഖലകളിലെ എണ്ണയിൽ പലഹാരങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു പ്രധാന പരിശോധന.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂൾ 4 മാനദണ്ഡങ്ങളുടെ ലംഘനം, ഭക്ഷണം പൊതിയുന്നതിനായി പത്രക്കടലാസ് ഉപയോഗിക്കൽ തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 8 കേസുകളിൽ കോമ്പൗണ്ടിംഗ് നടപടികൾക്ക് ശുപാർശ നൽകുകയും, 6 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും ചെയ്തു.
ഇതിനുപുറമെ, വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അധികൃതർ ഉത്തരവിട്ടു. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ 3 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കേടുപാടുകൾ സംഭവിച്ച ഏകദേശം 30 കിലോ കാരറ്റും, വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയ എണ്ണക്കടികളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

