തലസ്ഥാന നഗരിക്ക് അവിസ്മരണീയ രാവ സമ്മാനിച്ചുകൊണ്ട് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ – വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം അരങ്ങേറി. നീണ്ട
7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര മത്സരം എത്തുന്നത്. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നതിനാൽ സ്റ്റേഡിയം നീലക്കടലായി മാറുമെന്ന് ഉറപ്പായിരുന്നു.
പ്രതീക്ഷകൾ തെറ്റിക്കാതെ രാവിലെ മുതൽ തന്നെ കളിപ്രേമികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും പേരെഴുതിയ ജഴ്സികൾ അണിഞ്ഞവരായിരുന്നു കാണികളിൽ ഏറെയും.
ഇതിനു പുറമെ ശുഭ്മൻ ഗിൽ ആരാധകരുടെ സാന്നിധ്യവും ഗാലറിയിൽ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിച്ചതെങ്കിലും, രാവിലെ 11 മണിക്ക് തന്നെ സ്റ്റേഡിയം ഏറക്കുറെ നിറഞ്ഞിരുന്നു.
സ്റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യൻ ടീം ബസിനെ വലിയ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. ബസിൽനിന്ന് ഇറങ്ങിയ ഓരോ താരത്തിന്റെയും പേര് ഉറക്കെ വിളിച്ചും കയ്യടിച്ചും ആരാധകർ ആവേശം പങ്കുവെച്ചു.
ഇതിന് മറുപടിയായി ആരാധകരെ നോക്കി കൈവീശിയും നന്ദി പറഞ്ഞുമാണു വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. മത്സരത്തിന് മുന്നോടിയായുള്ള അവസാനഘട്ട
പരിശീലനത്തിനായി താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയപ്പോഴും ഗാലറിയിൽ ആവേശക്കടൽ ഇരമ്പിമറിഞ്ഞു. എന്നാൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബോളിങ് തിരഞ്ഞെടുത്തത് കാണികൾക്ക് ചെറിയ തോതിൽ നിരാശ സൃഷ്ടിച്ചു.
പതിവ് ശൈലിയിൽ ദേശീയഗാനത്തിന് മുൻപ് വന്ദേമാതരം ആലപിച്ച ശേഷമാണ് മത്സര നടപടികൾക്ക് തുടക്കമായത്. ഇന്ത്യൻ ഫീൽഡർമാരുടെ ഓരോ മുന്നേറ്റത്തെയും കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
അതേസമയം, വെസ്റ്റിൻഡീസ് ബാറ്റർമാരുടെ മികച്ച ഷോട്ടുകളെയും ഗാലറി അഭിനന്ദിച്ചു. സന്ദർശകരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 100 റൺസ് പിന്നിട്ടപ്പോൾ ഗാലറിയിൽ ചെറിയ നിശബ്ദത പടർന്നെങ്കിലും, ജോൺ കാംബലിനെ കുൽദീപ് യാദവ് പുറത്താക്കിയതോടെ ആരാധകർ വീണ്ടും ആവേശത്തിലായി.
ഒരറ്റത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും, മറുവശത്ത് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത് രാജ്യാന്തര ഏകദിന കരിയറിലെ തന്റെ കന്നി സെഞ്ചറി പൂർത്തിയാക്കിയ ജസ്റ്റിൻ ഗ്രീവ്സ് എഴുന്നേറ്റുനിന്നാണ് കാണികൾ ആദരിച്ചത്. താരം പുറത്തായി മടങ്ങുമ്പോഴും ഗാലറിയിൽ നിന്നും വലിയ കയ്യടിയാണ് ലഭിച്ചത്.
തുടർന്ന് ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചതോടെ സ്റ്റേഡിയത്തിലെ ഒഴിഞ്ഞുകിടന്ന കസേരകളിലും നീലക്കുപ്പായക്കാർ ഇടംപിടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി താൻ നേരിട്ട
ആദ്യ പന്തുതന്നെ രോഹിത് ശർമ ബൗണ്ടറി കടത്തിയത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. രോഹിത്തിന്റെയും ഗില്ലിന്റെയും ഓരോ ഷോട്ടുകളും ഗാലറിയിൽ വലിയ ആഘോഷങ്ങൾക്ക് തിരികൊളുത്തി.
ഇതിനിടെ രോഹിത്തിന്റെയും കോലിയുടെയും വലിയ ബാനറുകളും ആരാധകർ ഉയർത്തിപ്പിടിച്ചു. സച്ചിൻ തെൻഡുൽക്കറുടെ കടുത്ത ആരാധകനും ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യവുമായ സുധീർ കുമാർ ചൗധരിയും കാര്യവട്ടത്ത് എത്തിയിരുന്നു.
ശംഖ് ഊതിയും ഇന്ത്യൻ പതാക വീശിയും അദ്ദേഹം കാണികൾക്കൊപ്പം ഗാലറിയെ ആവേശത്തിലാഴ്ത്തി. മന്ത്രി ഒ.ജെ.ജനീഷ്, ശശി തരൂർ എംപി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ള പ്രമുഖരും മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

