ക്ലാസ് മുറിയിൽ വെച്ച് അധ്യാപികയ്ക്ക് നേരെ കോടാലിയുമായി ആക്രമണം അഴിച്ചുവിട്ട 16 -കാരനായ വിദ്യാർഥിയെ മലേഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിനുള്ളിൽ അരങ്ങേറിയ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതിയായ വിദ്യാർഥി തന്നെ മൊബൈൽ ഫോൺ വഴി തത്സമയം സംപ്രേഷണം ചെയ്തതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സരാവാക് സംസ്ഥാനത്തെ കുച്ചിങ്ങിലുള്ള ടുങ്കു പുത്ര–ഹെൽപ് ഇന്റർനാഷണൽ സ്കൂളിലാണ് നടുക്കുന്ന ഈ അതിക്രമം നടന്നത്. ഒക്ടോബർ 21 -ന് രാവിലെ 8.03 -ഓടെ സ്കൂളിൽ സംഘർഷാവസ്ഥ ഉടലെടുത്തതായി അടിയന്തര സേവന നമ്പറിലൂടെ വിവരം ലഭിച്ചതായി സരാവാക് ആക്ടിങ് പൊലീസ് കമ്മീഷണർ സൈഫുള്ളിസാൻ ഇഷാക്ക് വ്യക്തമാക്കി.
പടക്കങ്ങളും കോടാലിയുമായി സ്കൂളിലെത്തിയ വിദ്യാർഥി അധ്യാപികയുടെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ അധ്യാപികയുടെ കൈയിൽ പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
നിലവിൽ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ വിദ്യാർഥിയെ സ്കൂളിൽ നിന്നും ഇതിനോടകം തന്നെ പുറത്താക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ, തലയിൽ ഘടിപ്പിച്ച മൊബൈൽ ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തുന്ന വിദ്യാർഥി കോടാലിയുമായി ക്ലാസ് മുറിയിലേക്ക് പാഞ്ഞെത്തുന്നതും അധ്യാപികയെ വെട്ടിയശേഷം പിന്തിരിയോടുന്നതും വ്യക്തമാണ്. തുടർന്ന് പിറകുവഴിയെത്തി സഹപാഠികൾക്ക് നേരെയും ആക്രമണത്തിന് മുതിരുന്ന ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഭയന്നോടിയ വിദ്യാർഥികൾ പിന്നീട് തിരികെയെത്തി ധൈര്യപൂർവ്വം ഇയാളെ കീഴ്പ്പെടുത്തുകയും കോടാലി പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ പ്രസ്തുത ലൈവ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും സ്ഫോടകവസ്തു നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി.
വിദ്യാർഥിയെ ഇത്തരമൊരു കടുത്ത കൃത്യത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

