നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വീടുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്മാർട്ട് ഹോം സംവിധാനങ്ങളുടെ സുവർണ്ണകാലം അവസാനിക്കുന്നതായി വിലയിരുത്തൽ. ഒരു ദശാബ്ദത്തിലേറെയായി സാങ്കേതിക ലോകം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സ്മാർട്ട് ഹോം സങ്കൽപ്പങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഇതിന് പ്രധാന കാരണം പ്രമുഖ സാങ്കേതിക ഭീമനായ ഗൂഗിൾ സ്വീകരിച്ച നിലപാടുകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2011-ൽ ആദ്യമായി പുറത്തിറങ്ങിയ നെസ്റ്റ് തെർമോസ്റ്റാറ്റ് (Nest Thermostat) ആണ് ആധുനിക സ്മാർട്ട് ഹോം സംവിധാനങ്ങൾക്ക് തുടക്കമിട്ടത്.
തുടർന്ന് എത്തിയ ഗൂഗിൾ അസിസ്റ്റന്റ് (Google Assistant), അമസോൺ അലക്സ (Amazon Alexa) തുടങ്ങിയ ഡിജിറ്റൽ സഹായ സംവിധാനങ്ങൾ വീടുകളിലെ വിവിധ ഉപകരണങ്ങളെ ഒരു കേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ നൽകി. എന്നാൽ ഈ സ്വപ്നങ്ങൾക്ക് ഇപ്പോൾ വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്.
സോഫ്റ്റ്വെയർ രംഗത്തെ നിരന്തരമായ മാറ്റങ്ങളും അപ്ഡേറ്റുകളും സ്മാർട്ട് ഹോം ഉപകരണങ്ങളുടെ സ്ഥിരതയെ ഗുരുതരമായി ബാധിച്ചു. പലപ്പോഴും പുതിയ അപ്ഡേറ്റുകൾ മുൻകാലങ്ങളിൽ കൃത്യമായി പ്രവർത്തിച്ചിരുന്ന ഫീച്ചറുകൾ പോലും തടസ്സപ്പെടുന്നതിന് കാരണമായി.
ഡിജിറ്റൽ അസിസ്റ്റന്റുകളുടെ പ്രവർത്തനക്ഷമത കുറഞ്ഞതായി ഗൂഗിൾ തന്നെ ഇതിനിടെ വ്യക്തമാക്കിയിട്ടുമുണ്ട്. ഗൂഗിൾ അസിസ്റ്റന്റിന് പകരമായി ജെമിനി (Gemini) എത്തിയതോടെ സ്ഥിതി കൂടുതൽ വഷിലായി.
പഴയ ഹാർഡ്വെയറുകളിൽ ജെമിനിയുടെ സേവനം പൂർണ്ണതോതിൽ ലഭ്യമല്ലാതിരുന്നത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇതിനു പുറമെ, 2025 ഏപ്രിലിൽ ആദ്യ മൂന്ന് തലമുറയിലുള്ള നെസ്റ്റ് തെർമോസ്റ്റാറ്റുകളുടെ പിന്തുണ അവസാനിപ്പിക്കാൻ ഗൂഗിൾ തീരുമാനിച്ചത് സ്മാർട്ട് ഹോം വിപണിക്ക് കനത്ത ആഘാതമായി.
സ്മാർട്ട് ഫീച്ചറുകളും ആപ്പ് ഇന്റഗ്രേഷനും നഷ്ടപ്പെട്ടതോടെ ഈ ഉപകരണങ്ങൾ കേവലം സാധാരണ തെർമോസ്റ്റാറ്റുകൾ മാത്രമായി ചുരുങ്ങി. സ്മാർട്ട്ഫോണുകൾ പോലെ ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒന്നല്ല വീടുകളിൽ ഘടിപ്പിക്കുന്ന ഇത്തരം ഹാർഡ്വെയറുകൾ.
ഉപയോക്താക്കളുടെ അനുവാദമില്ലാതെ കമ്പനികൾക്ക് ദൂരെയിരുന്ന് ഇത്തരം സേവനങ്ങൾ നിർത്തലാക്കാൻ കഴിയുന്നത് സ്മാർട്ട് ഹോം സംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഭാവിയിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാമെന്നതിനാൽ ഉപയോക്താക്കൾ സ്മാർട്ട് ഹോം സംവിധാനങ്ങളിൽ നിന്ന് പിന്മാറുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

