നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ കടുത്ത നിലപാടുമായി സിപിഎം നേതൃത്വം രംഗത്ത്. ജി.
സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റാണെന്നും എന്നാൽ ഇത്തരത്തിൽ ഒരു കൊടുംചതി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി.
രണ്ട് ദിവസങ്ങളിലായി നടന്ന വിശാല ജില്ലാ കമ്മിറ്റിയോഗത്തിന്റെ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹം, കൃത്യസമയത്ത് പാർട്ടി അംഗത്വം പുതുക്കാതിരുന്നത് ബുദ്ധിമാനായ ഒരു കമ്യൂണിസ്റ്റിന്റെ അവസരവാദപരമായ നിലപാടാണെന്ന് ആർ.
നാസർ കുറ്റപ്പെടുത്തി. അംഗത്വം ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് സുധാകരനെതിരെ അടിയന്തരമായി പാർട്ടിക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കാതെ പോയത്.
പാർട്ടി വിട്ടുപോകാനുള്ള നീക്കങ്ങൾ മുൻകൂട്ടി കണ്ട് അത് തടയാൻ സാധിക്കാത്തത് ഗുരുതരമായ സംഘടനാ വീഴ്ചയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. മുൻകാലങ്ങളിൽ യുഡിഎഫ് പരിപാടികളിൽ ജി.
സുധാകരൻ പങ്കെടുത്തപ്പോൾ പാർട്ടി വിശദീകരണം തേടിയിരുന്നെങ്കിലും അന്ന് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല. ഒരു മുതിർന്ന നേതാവ് എന്ന പരിഗണന നൽകി അദ്ദേഹത്തെ ഒപ്പം നിർത്താനാണ് പാർട്ടി ആ ഘട്ടത്തിൽ ശ്രമിച്ചത്.
എന്നാൽ ആ വിശ്വാസത്തിന് മേൽ കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു. ജില്ലയിൽ എൽഡിഎഫിന് സംഭവിച്ച കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം സംഘടനാപരമായ ദൗർബല്യമാണെന്നും നേതൃത്വം വിലയിരുത്തി.
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നേട്ടങ്ങൾ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും എസ്ഐആർ പ്രവർത്തനങ്ങളിലും ഫലപ്രദമായി ഇടപെടാൻ പാർട്ടി പ്രവർത്തകർക്ക് സാധിച്ചില്ലെന്നും യോഗം വിലയിരുത്തിയതായി ആർ.
നാസർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

