കൊച്ചി നഗരത്തിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാ വീഴ്ചയും ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പാർക്ക് അവന്യു റോഡിലെ സെന്റ് തെരേസാസ് കോളജ് ബസ് സ്റ്റോപ്പിൽ നിന്ന് യാത്രാമധ്യേ ബസിൽ കയറാൻ ശ്രമിക്കവെ പുത്തൻവേലിക്കര സ്വദേശിയായ അജിതയ്ക്കാണു (59) ജീവനക്കാരുടെ അശ്രദ്ധ കാരണം പരുക്കേറ്റത്.
കഴിഞ്ഞ ഓഗസ്റ്റ് 31 നായിരുന്നു ഈ സംഭവം നടന്നത്. യാത്രക്കാരി പൂർണമായി വാഹനത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഡോർ അടയ്ക്കാതെ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.
ബാലൻസ് തെറ്റി താഴെ വീഴാൻ പോയ അജിത ഡോറിന്റെ സൈഡിൽ പിടിച്ചെങ്കിലും, ജീവനക്കാർ വാതിൽ അശ്രദ്ധമായി ബലമായി അടച്ചു. ഇതേതുടർന്ന് ഇവരുടെ ഇടതു കൈ വാതിലിനിടയിൽ കുടുങ്ങുകയും വിരലുകളുടെ എല്ലുകൾ പൊട്ടുകയും കൈപ്പത്തിക്ക് ഗുരുതരമായി ചതവ് സംഭവിക്കുകയും ചെയ്തു.
സംഭവത്തിനുശേഷം ചികിത്സയിലായിരുന്ന അജിത കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ പൊലീസ് സജിമോൻ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 350 ലേറെ പെറ്റിക്കേസുകളിൽ ഈ വാഹനം ഉൾപ്പെട്ടിട്ടുണ്ട്.
മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി ഉണ്ടായ അപകടം, ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം, പാട്ട് ഉച്ചത്തിൽ വെച്ചത് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതുൾപ്പെടെയുള്ള ഒട്ടേറെ വിവാദങ്ങളിലും അക്രമസംഭവങ്ങളിലും ഈ ബസ് ജീവനക്കാർ ഇതിനുമുൻപും പ്രതികളായിട്ടുണ്ട്. എന്നിട്ടും ഇവർക്കെതിരെ കാര്യക്ഷമമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

