ജനാധിപത്യ സംവിധാനങ്ങളിൽ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനോട് പ്രതികരിക്കാതെ മൗനം പാലിക്കുന്നവരാണ് ഏറ്റവും വലിയ ദേശദ്രോഹികളെന്ന് മുൻ സിവില് സർവീസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. കോഴിക്കോട് സി.എച്ച്.
മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ച അക്കാദമിക് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. സർക്കാറുകളിൽ നിന്നുള്ള ധനസഹായങ്ങളെ ‘ബജറ്റ് ആനുകൂല്യങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന പ്രയോഗം തന്നെ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവ ഓരോ പൗരന്റെയും അവകാശങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഭരണകൂടത്തിന്റെ പ്രജകൾ എന്ന അവസ്ഥയിൽ നിന്ന് രാജ്യത്തെ പൗരന്മാർ എന്ന പദവിയിലേക്ക് ജനങ്ങൾക്ക് ഉയരാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ നയങ്ങൾ ശരിയാണെന്നും എന്നാൽ അവയുടെ നടത്തിപ്പിലാണ് പിഴവുകളുള്ളതെന്നുമുള്ള പൊതുവായ ധാരണ തിരുത്തപ്പെടേണ്ടതാണ്. കൃത്യമായി നടപ്പിലാക്കാൻ കഴിയാത്ത ഒരു നയവും ഒരിക്കലും നല്ലതായിരിക്കില്ല.
നയരൂപീകരണ പ്രക്രിയയിലും അതിന്റെ നിർവ്വഹണ ഘട്ടങ്ങളിലും പങ്കാളികളാകുന്ന മുഴുവൻ ആളുകൾക്കും അർഹമായ അംഗീകാരം ഉറപ്പാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം വിശദീകരിച്ചു. ‘ബജറ്റ് വകയിരുത്തലും ആനുകൂല്യ വിതരണത്തിലെ അന്തരവും’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ ഡോ.
ബദ്രിയ ബീഗം പ്രഭാഷണം നടത്തി. ചടങ്ങിൽ ഷെരീഫ് സാഗർ മോഡറേറ്റർ ആയിരുന്നു.
അമൽ ഹുദ സെഷനിൽ വിഷയാവതരണം നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

