തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, എറണാകുളവും തിരുവനന്തപുരവും ഒഴിവാക്കി കണ്ണൂരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കിഫ്ബി വഴി ഏറ്റെടുത്ത നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ സംബന്ധിച്ച നിർണായക ബോർഡ് യോഗ രേഖ പുറത്തുവന്നിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കലിന്റെ പ്രധാന്യവും അടിയന്തര ആവശ്യവും കിഫ്ബി ചെയർമാൻ കൂടിയായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ള യോഗ അജൻഡയാണു ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ എയർപോർട്ടും അഴീക്കൽ സീപോർട്ടും മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുമെന്നും, അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണെന്നുമാണ് യോഗത്തിൽ വ്യക്തമാക്കുന്നത്.
നാലു ഘട്ടങ്ങളിലായാണ് ഭൂമി ഏറ്റെടുക്കൽ നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ണൂരിൽ 567 ഏക്കറും പാലക്കാട് 470 ഏക്കറും 1887.50 കോടിക്ക് ഏറ്റെടുക്കണമെന്ന് രേഖകളിൽ വ്യക്തമാക്കുന്നു.
രണ്ടാം ഘട്ടത്തിൽ 5597.50 കോടിക്ക് കണ്ണൂരിൽ 2239 ഏക്കറും, മൂന്നാംഘട്ടത്തിൽ 1265 കോടിക്ക് കണ്ണൂരിൽ 506 ഏക്കറും, നാലാം ഘട്ടത്തിൽ 3960 കോടിക്ക് 1584 ഏക്കറും എന്നിങ്ങനെ ഏറ്റെടുക്കണമെന്നായിരുന്നു പ്രധാന നിർദേശം. തുടർന്ന്, വലിയതോതിൽ കൂടിയാലോചനകൾ ഒന്നും കൂടാതെയായിരുന്നു തുടർനടപടികൾ സ്വീകരിച്ചത്.
കിഫ്ബി വഴി കണ്ണൂരിൽ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്തതിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് മുൻ ഫിനാൻസ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻമുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്ന രേഖകൾ പുറത്തുവരുന്നത്.
കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയുമാണ് കിൻഫ്ര നിശ്ചയിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത്തരത്തിൽ വലിയ വില നൽകി ആയിരത്തിലേറെ ഏക്കർ ഭൂമി ഏറ്റെടുത്തിട്ടും അതിൽ 50 ഏക്കർ മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത് എന്ന ആക്ഷേപവും ശക്തമായി നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

