മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടി മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ദേവികുളം പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. മേഖലയിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി സഞ്ചാരികളെ എത്തിക്കുന്ന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, മറ്റ് വാഹനങ്ങളുടെ പ്രവേശനം ഇ-പാസ് വഴി ക്രമീകരിക്കാനുമാണ് ഭരണസമിതിയുടെ തീരുമാനം.
വിഷയത്തിൽ ജനപ്രതിനിധികളുമായും വിവിധ സംഘടനാ നേതാക്കളുമായും ചർച്ചകൾ പൂർത്തിയാക്കി പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്ന് ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ശരണ്യ അറിയിച്ചു. പഞ്ചായത്തിന് കീഴിലുള്ള മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 30 സീറ്റിനു മുകളിലുള്ള ബസുകൾക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും.
ഈ ബസുകളിൽ എത്തുന്ന വിനോദസഞ്ചാരികളെ ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ വഴി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ വാഹനങ്ങൾക്ക് ഏകീകൃത നിരക്ക് പഞ്ചായത്ത് നിശ്ചയിക്കും.
കൂടാതെ, അമിതമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഇ-പാസ് സംവിധാനവും നടപ്പിലാക്കും. ഇടുങ്ങിയ മൂന്നാർ – മാട്ടുപ്പെട്ടി – ടോപ് സ്റ്റേഷൻ പാതയിൽ വിനോദസഞ്ചാര സീസണുകളിൽ സഞ്ചാരികൾ അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നടപടികൾ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

