ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നത് വെറുപ്പോ ദേഷ്യമോ അക്രമമോ ആയിരുന്നില്ലെന്നും മറിച്ച് ഈ രാജ്യത്തെ യുവാക്കള് അവരുടെ വികാരങ്ങൾ പ്രകടിപ്പിച്ചതാണെന്നും ലോക്സഭയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിജെപിയടക്കമുള്ള പാർട്ടികൾ ഈ വികാരത്തെ മാനിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഡൽഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കൾ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാൽ, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടിൽത്തന്നെ കാണാനാകും. ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്’’ – രാഹുൽ ഗാന്ധി പറഞ്ഞു.
ഒരു വിദ്യാർഥിനിയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ‘‘തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ളയാളാണ് ഒരു വിദ്യാർഥിയെന്ന് അവൾ പറഞ്ഞു.
തനിക്കെല്ലാം അറിയില്ലെന്ന് തുടക്കം മുതൽ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് അവർ. അറിവ് മാറിക്കൊണ്ടിരിക്കുമെന്ന് അവർ തിരിച്ചറിയുന്നു.
എന്നാൽ ഞങ്ങൾക്ക് എല്ലാമറിയാമെന്നും ലോകം ചലനമില്ലാത്തതാണെന്നും വിചാരിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്നും അവർ ആരെയും കേൾക്കുകയില്ലെന്നും അവൾ പറഞ്ഞു. ആരാണ് അക്കൂട്ടരെന്ന് ഞാൻ ചോദിച്ചപ്പോൾ, ഞങ്ങൾ അവരെ ‘വിഡ്ഢി’ എന്നു വിളിക്കുന്നു എന്നായിരുന്നു അവളുടെ മറുപടി’’ – അദ്ദേഹം വ്യക്തമാക്കി.
ചില വിഡ്ഢികൾ സ്വയം ദൈവമാണെന്ന് കരുതുകയും എല്ലാം അവർ സൃഷ്ടിച്ചതാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ഈ പ്രസംഗത്തിനിടയിലെ ചില പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം രംഗത്തുവന്നു.
താൻ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും എന്തിനാണു ബഹളമുണ്ടാക്കുന്നതെന്നും അദ്ദേഹം തിരിച്ചുചോദിച്ചു. എന്നാൽ സഭയിലെ ചർച്ചയിലാണു സംസാരിക്കുന്നതെന്ന ഓർമയുണ്ടാകണമെന്ന് സ്പീക്കർ ഓം ബിർല അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി.
പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണു പ്രതിപക്ഷം ഉപയോഗിക്കുന്നതെന്നും വിദ്യാർഥികളുടെ പേരിൽ മര്യാദയില്ലാത്ത കാര്യങ്ങളാണു പറയുന്നതെന്നും മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. അതേസമയം, ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്നും സഭയിലെത്തി മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു.
ചർച്ച ചെയ്യാൻ താൽപര്യമില്ലെങ്കിൽ സഭ പിരിയാമെന്ന് സ്പീക്കർ അറിയിച്ചു. ബഹളത്തെത്തുടർന്ന് രാജ്യസഭയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെ നിർത്തിവച്ചു.
ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നതാണ് എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷ് ചെയ്ത തെറ്റെന്നും, സിപിഎം ആസ്ഥാനമായ എകെജി ഭവനിൽ അതിക്രമിച്ചു കയറി അവരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം അപലപനീയമാണെന്നും രാജ്യസഭയിൽ സംസാരിക്കവെ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് സ്വാഭാവിക നടപടിയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയിൽ ന്യായീകരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് ക്ലാസ് മുറിയിൽനിന്നാണ് തന്നെ കോൺഗ്രസ് ഭരണകാലത്ത് അറസ്റ്റ് ചെയ്തതെന്നും വിദ്യാർഥി രാഷ്ട്രീയത്തിലിറങ്ങുന്ന ആരും ഇത്തരം നടപടികൾക്ക് തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

