ആർപ്പൂക്കരയിലെ കോവിൽച്ചാൽ പാടശേഖരത്തിൽ വിസ്മയമായി ആമ്പൽ പൂക്കളുടെ വരവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ആമ്പൽപ്പൂക്കളാണ് പ്രദേശത്ത് വിരിഞ്ഞുനിൽക്കുന്നത്.
ഇത് കാണികൾക്കായി മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പാടശേഖര സമിതിയും നാട്ടുകാരുടെ ജനകീയ കൂട്ടായ്മയും സംയുക്തമായാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.
ഈ പ്രദേശത്തെ ടൂറിസം സാധ്യതകൾ വർധിക്കുന്നത് പ്രാദേശിക തൊഴിൽ മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. സന്ദർശകർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ കാഴ്ചകൾ ആസ്വദിക്കാനുള്ള ക്രമീകരണങ്ങൾ ആർപ്പൂക്കരയിലെ പ്രദേശവാസികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പുരോഗമിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ജോമി പെരുമ്പടപ്പിൽ, ബിനു പൂവത്തിങ്കൽ, പാപ്പച്ചൻ നായത്ത്, സി.കെ.അരുൺ, ഷിബിൻ വർഗീസ്, റോയി പുതുശേരി, കുഞ്ഞച്ചൻ ചെത്തുവേലിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമീപത്തെ തോടുകളിലെ പോളകൾ നിറയുന്നത് തുടക്കത്തിൽ ചെറിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
തോടുകളുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നത് വരാനിരിക്കുന്ന കൃഷിക്കും ഒപ്പം ഉൾനാടൻ ടൂറിസം വികസനത്തിനും ഒരുപോലെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സന്ദർശന സമയം: രാവിലെ 6 മുതൽ 9 വരെ.
പ്രധാന വ്യൂ പോയിന്റ്: വില്ലൂന്നി – കരിപ്പൂത്തട്ട് റൂട്ടിൽ തൊമ്മൻ കവല ബസ് സ്റ്റോപ്പിന് സമീപം എൻഎസ്എസ് കരയോഗം മന്ദിരത്തിനടുത്താണ് പ്രധാന വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, പിണഞ്ചിറക്കുഴി പാലം സമീപത്തുനിന്നും സഞ്ചാരികൾക്ക് ഈ ആമ്പൽക്കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

