സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതടികളുമായി ജില്ലാ ഭരണകൂടം രംഗത്ത്. ദുരന്തസാധ്യത നിലനിൽക്കുന്ന മേഖലകളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്കാണ് ഇന്ന് കലക്ടർ വി.ചെൽസാസിനി പൂർണമായും വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അപകടാവസ്ഥയുള്ള ഇടങ്ങളിൽ കഴിയുന്നവരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ചുമതല അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്. പ്രധാന നിർമാണ മേഖലയായ ആനക്കാംപൊയിൽ–കള്ളാടി തുരങ്കപ്പാത പരിസരത്ത് ക്യാമ്പ് ചെയ്യുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫിസറും ചേർന്ന് ഉടൻ നടപ്പാക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കൽപറ്റ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം കനത്ത മഴയെത്തുടർന്ന് കൽപറ്റ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടു.
മുനിസിപ്പൽ ഓഫിസ് പ്രദേശം, പഴയ ബസ് സ്റ്റാൻഡ് പരിസരം, ലിയോ ആശുപത്രി റോഡ് എന്നിവിടങ്ങളിൽ വൈകിട്ട് അഞ്ചോടെയാണ് വെള്ളം കയറിയത്. ഈ മേഖലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉള്ളിലേക്കും വെള്ളം ഇരച്ചെത്തി.
മുനിസിപ്പൽ ഓഫിസ് പരിസരത്തെ തോട് കരകവിഞ്ഞൊഴുകിയതാണ് ഇടവഴിയിലും ദേശീയപാതയിലും വെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. ദേശീയപാതയിൽ ഏകദേശം 800 മീറ്ററോളം ദൂരത്തിൽ വെള്ളം ഉയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
ലിയോ ആശുപത്രി റോഡിലും സമാന സാഹചര്യം തന്നെയായിരുന്നു. റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
വൈകിട്ടോടെ മഴയ്ക്ക് ചെറിയ ശമനം വന്നതിനെ തുടർന്നാണ് ഈ ഭാഗങ്ങളിലെ വെള്ളം ഇറങ്ങിതുടങ്ങിയത്. ദുരിതാശ്വാസ ക്യാംപ് തുറന്നു തുടർച്ചയായ മഴയെ തുടർന്ന് ബത്തേരി ചീരാൽ വെള്ളച്ചാൽ ഊരിൽ വെള്ളം കയറിയതിനെ തുടർന്ന് കല്ലിങ്കര ഗവ.എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തനമാരംഭിച്ചു.
ഇവിടെയുള്ള 10 കുടുംബങ്ങളിൽ പെട്ട 28 പേരെയാണ് സുരക്ഷിതമായി ക്യാംപിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ഇതിൽ 12 പുരുഷന്മാരും 9 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടുന്നു. നെൻമേനിയിൽ വ്യാപക നാശനഷ്ടം ബത്തേരിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്.
നെൻമേനി പഞ്ചായത്തിലെ മാടക്കര ന്യൂട്രിമിക്സ് സ്ഥാപനത്തിന്റെ ചുറ്റുമതിൽ മഴയിൽ ഇടിഞ്ഞുവീണു. ഇവിടെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയിട്ടുള്ളത്.
ശക്തമായ കുത്തൊഴുക്കിൽ മാടക്കര – താഴത്തൂർ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടു. കൂടാതെ, തുമ്പക്കുനി ഈച്ചാട്ടിൽ ഹംസയുടെ വീട് വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടു.
തോടുകൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വലിയവട്ടം പാമ്പുംകുനി ഊരിലും വെള്ളം കയറി. ഉച്ചയോടെയാണ് ബത്തേരിയിൽ ശക്തമായ മഴ ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

