പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫിസിനോട് ചേർന്ന് കിടക്കുന്ന ചുറ്റുമതിൽ നാട്ടുകാർക്ക് ഇനി വെറുമൊരു മതിൽ അല്ല, മറിച്ച് വർഷങ്ങളുടെ നിയമപോരാട്ടത്തിന് ഒടുവിൽ ലഭിച്ച സ്നേഹമതിൽ ആണ്. അരനൂറ്റാണ്ടിലേറെയായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
ടൗൺ സെൻട്രൽ ജംക്ഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഇടുങ്ങിയ പാത വീതികൂട്ടണമെന്നാവശ്യപ്പെട്ട് 55 വർഷം നീണ്ട പോരാട്ടമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്.
പത്തനാപുരത്ത് പൊലീസ് സ്റ്റേഷൻ സ്ഥാപിതമായ കാലം തൊട്ടേ നാട്ടുകാർ ഈ ആവശ്യവുമായി രംഗത്തുണ്ടായിരുന്നു. കച്ചേരി റോഡിന്റെ വശങ്ങളിലൂടെ കാൽനടയായി മാത്രമായിരുന്നു പ്രദേശവാസികൾക്ക് സ്വന്തം വീടുകളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നത്.
പിന്നീട് നാട്ടുകാരുടെ കൂട്ടായ ഇടപെടലിലൂടെ ഈ ഭാഗത്തേക്ക് ചെറിയ തോതിൽ വഴി ഒരുക്കാനായെങ്കിലും, ടൗൺ സെൻട്രൽ ജംക്ഷനോട് ചേരുന്ന ഭാഗത്തെ ഏകദേശം 30 മീറ്ററോളം ദൂരം പൊലീസ് സ്റ്റേഷന്റെ മതിൽ കാരണം ഏറെ ഇടുങ്ങിയതായി തുടർന്നു. മതിൽ അൽപ്പം പിന്നിലേക്ക് മാറ്റി പുനർനിർമിച്ചാൽ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടായില്ല.
ഏകദേശം 16 വർഷം മുൻപ് ഈ പൊലീസ് സ്റ്റേഷൻ പഞ്ചായത്ത് ഓഫിസിനു സമീപത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. തുടർന്ന് പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയ കൺട്രോൾ റൂം കെട്ടിടം നിർമിച്ച വേളയിലും മതിൽ പൊളിച്ചുനീക്കാൻ അധികൃതർ തയാറായില്ല.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇവിടെ സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഗേറ്റ് സ്ഥാപിക്കാൻ നടപടികൾ ഉണ്ടായതോടെയാണ് വഴിതെളിഞ്ഞത്.
സ്ഥലം സന്ദർശിക്കാനെത്തിയ ജ്യോതികുമാർ ചാമക്കാല എംഎൽഎ റൂറൽ എസ്പിയുമായി വിഷയം ചർച്ച ചെയ്യുകയായിരുന്നു. നിയമക്കുരുക്കുകളിൽ പെടാതെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മതിലിന്റെ വീതി കുറച്ച് നിർമിക്കാൻ തീരുമാനമാവുകയായിരുന്നു.
യാത്രാസൗകര്യം യാഥാർത്ഥ്യമായതിന്റെ ആശ്വാസത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎ, പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ് എന്നിവർക്ക് ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജാ ഷാനവാസ്, വൈസ്പ്രസിഡന്റ് അബ്ദുൽ റഹുമാൻ, ഫാറൂഖ് മുഹമ്മദ്, റഹ്മത്ത് ദിലീപ്, എ.എം.ആർ.റഷീദ് തുടങ്ങിയവർ സംസാരിച്ചു.
“മൂന്ന് തലമുറ തുടങ്ങിവെച്ച പോരാട്ടമാണു വിജയിച്ചത്. ആശുപത്രി ആവശ്യങ്ങൾക്കു പോലും ആളുകളെ എടുത്തുകൊണ്ടുപോകേണ്ട
സാഹചര്യം ഇനിയില്ല. മുൻപ് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ജ്യോതികുമാർ ചാമക്കാല എംഎൽഎയ്ക്കും മറ്റു ജനപ്രതിനിധികൾക്കും പോലീസിനും ഞങ്ങൾ നന്ദി പറയുന്നു.” – എ.അബ്ദുൽ റഹിം (പ്രദേശവാസി)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

