നൂറനാട് ഇടക്കുന്നം നെല്ലുംവിളയിൽ താഴേവീട്ടിൽ ജയകുമാരി (45) കൊലചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വെള്ളിയാഴ്ച രാത്രി കായംകുളത്തു നിന്ന് കെ–പി റോഡിലെ പറയംകുളം ജംക്ഷനിൽ ഇറങ്ങിയ മരുമകൻ ജോജി ജോസഫ് (33), ജയകുമാരിയുടെ വീടിനു പിന്നിലെ റബർ തോട്ടത്തിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്തിയിരുന്നു. ഭാര്യാപിതാവ് ജോലിക്കു പോയെന്ന് വ്യക്തമായ ശേഷമാണ് പ്രതി വാതിലിൽ മുട്ടിവിളിച്ചത്.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ജയകുമാറിനെയും മകൾ അർച്ചനയെയും ജോജി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. എതുനിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
പ്രതി രാത്രികളിൽ എത്തി കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കാറുണ്ടായിരുന്നതിനാൽ, ഉറങ്ങുന്നതിനു മുൻപ് വാതിലിനു പിന്നിൽ മേശയും കസേരയും കൂട്ടിയിടുന്ന പതിവുണ്ടായിരുന്നുവെന്ന് മകൾ അർച്ചന വെളിപ്പെടുത്തി. ജോജിയുടെ ആക്രമണങ്ങളെക്കുറിച്ച് അർച്ചന കഴിഞ്ഞ മാസം നൂറനാട് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഇരുവരേയും ചെങ്ങന്നൂരിൽ കൗൺസലിങ്ങിന് വിധേയരാക്കിയെങ്കിലും പീഡനം തുടർന്നതിനെത്തുടർന്ന് അർച്ചന വീണ്ടും സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കെയാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്.
എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായ കർശന നടപടികൾ ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ആലപ്പുഴ പഴവീട് എട്ടിൽചിറയിൽ ജോജി ജോസഫ് വീട്ടിൽ അതിക്രമിച്ചുകയറി ജയകുമാരിയെ കുത്തിക്കൊലപ്പെടുത്തിയത്.
എന്നും പുലർച്ചെ നാലിന് വെട്ടിക്കോട്ടുള്ള ക്ഷേത്രത്തിലേക്ക് ജയകുമാർ ജോലിക്കായി പോകുന്നത് മനസ്സിലാക്കിയാണ് പ്രതി കൃത്യസമയത്ത് എത്തിയത്. വാതിൽ തുറന്ന ജയകുമാരിക്ക് മൂന്ന് കുത്തുകളാണ് ഏറ്റത്.
ശബ്ദം കേട്ട് പിന്നിൽ നിന്നെത്തിയ മകൾ അർച്ചന നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയകുമാരി സമീപത്തെ വീടിന്റെ വരാന്തയിലേക്ക് ഓടിയെത്തിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപർണയാണ് ജയകുമാരിയുടെ മറ്റൊരു മകൾ.
മരുമകൻ: അനീഷ്. സംഭവത്തിനുശേഷം രക്ഷപ്പെട്ട
പ്രതിക്കായി നൂറനാട് എസ്എച്ച്ഒ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ, എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ചേർത്തലയിൽ തടഞ്ഞുനിർത്തിയാണ് ജോജിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് എത്തിയ ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപത്തെ റബർ തോട്ടത്തിൽ നടത്തിയ തെളിവെടുപ്പിൽ കൃത്യതയാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ആലപ്പുഴ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും 100 രൂപ നൽകിയാണ് ഈ കത്തി വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
നൂറനാട് സിഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

