നല്ല ശമ്പളമുള്ള ജോലിയിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കുമ്പോൾ ഭാവിയിലെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് പലർക്കും ആശങ്കയുണ്ടാകാറുണ്ട്. പെൻഷൻ തുക കൊണ്ടു മാത്രം ജീവിതച്ചെലവുകൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമോയെന്ന സംശയവും സ്വാഭാവികമാണ്.
മക്കളുടെ വിദ്യാഭ്യാസം, സ്ഥിരവരുമാനം ഉറപ്പാക്കൽ, തുടർ നിക്ഷേപങ്ങൾ എന്നിവ എങ്ങനെ ആസൂത്രണം ചെയ്യണം എന്നതിനെക്കുറിച്ച് ഒരു മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു. ചോദ്യം:
ഞാൻ ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.
38 വയസ്സുണ്ട്. ഭാര്യയും എട്ടു വയസ്സുള്ള കുട്ടിയും അടങ്ങുന്നതാണ് കുടുംബം .ഭാര്യയ്ക്ക് ജോലി ഇല്ല.
20 വർഷത്തെ സർവീസിനു ശേഷം ഞാൻ 2026 ഡിസംബറിൽ റിട്ടയർ ആകും. അതിനുശേഷം സർക്കാരിൽ നിന്ന് കിട്ടുന്ന 51,500 രൂപയോളം വരുന്ന പെൻഷൻ മാത്രമാകും വരുമാന മാർഗം .കൂടാതെ കമ്യൂട്ടേഷനും ഗ്രാറ്റുവിറ്റിയും അടക്കം 28 ലക്ഷം രൂപ ലഭിക്കും.
പിഎഫിൽ 12 ലക്ഷം രൂപ മാത്രമേ ഉള്ളൂ. നിലവിൽ ലോണുകളില്ല.
നാട്ടിൽ കുടുംബ വീടും കുറച്ച് സ്ഥലവും ഉണ്ട്. ലക്ഷ്യം:
ഭാവിയിൽ മകളുടെ പഠനാവശ്യത്തിനായി 30 ലക്ഷം രൂപ സ്വരൂപിക്കണം.
ഒരു സ്ഥിര വരുമാനം ഉണ്ടാക്കണം, ഒരു പുതിയ ഒരു ജോലി കിട്ടുന്നതുവരെ. അഞ്ചുവർഷം കഴിഞ്ഞ് നാട്ടിൽ 50 ലക്ഷം രൂപ വിലവരുന്ന ഒരു വീട് പണിയാൻ താൽപര്യം ഉണ്ട്.
ലഭിക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കാനും ഭാവി സുരക്ഷിതമാക്കാനും ഒരു ഫിനാൻഷ്യൽ പ്ലാൻ നിർദേശിക്കാമോ?
ഉത്തരം:
വ്യക്തികൾ പല രീതിയിൽ കാര്യങ്ങളെ കാണുന്നവരാണ്. പ്രത്യേകിച്ചും പുതുതലമുറ.
സാമ്പത്തികകാര്യങ്ങൾ വിവിധ ജനറേഷനുകളിലെ ആളുകളുമായി സംസാരിക്കുമ്പോൾ ഓരോ സാമ്പത്തിക ഘടകങ്ങളും വ്യത്യസ്തമായ രീതിയിലാണ് കാണുന്നതെന്നു മനസ്സിലാക്കാം. ഉദാഹരണമായി നേരത്തേയുള്ള തലമുറയിൽ കുട്ടികളുടെ വിവാഹത്തിനായിരുന്നു കൂടുതൽ മുൻതൂക്കം നൽകിയിരുന്നത്.
എങ്കിൽ ഇന്നത്തെ പുതുതലമുറ വിദ്യാഭ്യാസത്തിനും മറ്റുമാണ് പ്രാധാന്യം നൽകുന്നത്. വിവാഹം സാമ്പത്തികാസൂത്രണത്തിന്റെ ഭാഗംപോലുമല്ലാത്ത ഒരു സാഹചര്യമാണ് ഇന്നുള്ളത്.
ഇത്തരത്തിൽ സാമ്പത്തികാസൂത്രണത്തിൽ തലമുറകൾക്കനുസരിച്ച് പലവിധ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. പ്രധാനമായ മറ്റൊരു മാറ്റമാണ് വിരമിക്കുന്ന പ്രായം 45 വയസ്സു മുതൽ തിരഞ്ഞെടുത്തു തുടങ്ങി എന്നത്.
എന്നാൽ, പ്രധാന വരുമാനം ലഭിക്കുന്ന ജോലിയിൽനിന്നു വിരമിക്കുന്നുവെങ്കിൽ അവരുടെ ഇഷ്ടത്തിനനുസൃതമായ വരുമാനം ലഭിക്കുന്ന സംരംഭം തുടങ്ങുകയോ അങ്ങനെയൊരു സംരംഭത്തിന്റെ ഭാഗമാകുകയോ ആണു ചെയ്യുന്നത്. ഇതിൽനിന്നു സ്ഥിരമായോ അല്ലാതെയോ ഒരു വരുമാനം ലഭിക്കാൻ സാധ്യതയും ഉണ്ടാകും.
എന്നിരുന്നാലും വിരമിക്കാനുദ്ദേശിക്കുന്ന കാലംതൊട്ട് ഒരു നിശ്ചിത തുക ജീവിതച്ചെലവുകൾക്കും മറ്റുമായി ലഭിക്കുന്നതിനായി സമാഹരിക്കുകതന്നെ വേണം. കാരണം, സ്ഥിരവരുമാനം ലഭിച്ചുവന്നിരുന്ന ജോലിയിൽനിന്നു വിരമിച്ചാൽ സമാധാനപരമായി ജീവിക്കാനായിരിക്കുമല്ലോ ഉദ്ദേശിക്കുന്നത്.
ആ സമയത്ത് സാമ്പത്തികഞെരുക്കംമൂലം ഉണ്ടാകാനിടയുള്ള മാനസിക സമ്മർദം ഒഴിവാക്കാനായി ഒരു സ്ഥിരവരുമാനം ലഭിക്കുന്ന രീതിയിൽ ഒരു തുക സെറ്റു ചെയ്യുകയാണ് പോംവഴി. ഈ തുക വിരമിക്കുന്നതിനു മുൻപു കണ്ടെത്തി എന്നുറപ്പു വരുത്തിയശേഷം മാത്രമേ നിലവിലെ ജോലിയിൽനിന്നു വിരമിക്കാൻ പാടില്ലുള്ളൂ.
ഏതു സമയത്തു വിരമിക്കുന്നുവെന്നല്ല എപ്പോൾ ജോലിയിൽനിന്നു വിരമിച്ചാലും തുടർന്നുള്ള കാലത്തേക്കു വിനിയോഗിക്കാനാവശ്യമായ തുക സമാഹരിക്കുക എന്നതാണു പ്രധാനം. നേരത്തേ ജോലിയിൽനിന്നു വിരമിക്കുമ്പോൾ, വിരമിച്ചുകഴിഞ്ഞുള്ള സമയത്താവും പല ജീവിതലക്ഷ്യങ്ങളും ഉണ്ടാവുക.അതിനുള്ള തുകകൂടി റിട്ടയർമെന്റിനുള്ള തുക കണക്കു കൂട്ടുമ്പോൾ പരിഗണിക്കണം.
ഇവിടെ താങ്കളുടെ സർവീസ് കാലാവധി പൂർത്തിയായി ജോലിയിൽനിന്നു റിട്ടയറാവുകയാണ്. മൂന്നു മാസം കൂടിയാണ് വിരമിക്കാനായുള്ളത്.
അതിനുശേഷം സ്ഥിരവരുമാനമായി 51,500 രൂപ പെൻഷൻ ലഭിക്കും എന്നത് ആശ്വാസകരമാണ്. എന്നാൽ, ഈ തുക ജീവിതച്ചെലവുകൾക്കും മറ്റും മാത്രമായിരിക്കും തികയുക.
കത്തിൽ സൂചിപ്പിച്ചപോലെതന്നെ മറ്റു ലക്ഷ്യങ്ങൾക്കുള്ള തുക കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനായി പുതിയ ജോലി കണ്ടെത്തി അതിൽ നിന്നു നിക്ഷേപിച്ചു തുടങ്ങേണ്ടിവരും.
ഗ്രാറ്റുവിറ്റി, പിഎഫ് ചേർത്ത് നാൽപതു ലക്ഷം രൂപയാണ് ഇപ്പോൾ ലഭിക്കാൻ പോകുന്നത്. ഈ തുക സുരക്ഷിതമായി നിക്ഷേപിക്കുക എന്നത് പ്രധാനമാണ്.
നിലവിൽ ബാധ്യതകളില്ല എന്നതു വളരെ നല്ല കാര്യമാണ്. അതുകൊണ്ടുതന്നെ പ്രതിമാസ തിരിച്ചടവു പോലുള്ള ചെലവുകൾ ഒഴിവാക്കാനാവും.
ഇപ്പോൾ 38 വയസ്സാണുള്ളത്. നിക്ഷേപങ്ങൾ തുടങ്ങാൻ ഇനിയും വൈകിയിട്ടുമില്ല.
എന്നാൽ, ഒരു നല്ല ജോലി കണ്ടെത്ത എന്നതാണ് പ്രധാനം. അതുകൊണ്ടു സാധിക്കുമെങ്കിൽ ഇപ്പോൾ തന്നെ ജോലി അന്വേഷിച്ചു തുടങ്ങുക.
ഏതെങ്കിലും പുതിയ കോഴ്സോ മറ്റോ താങ്കൾ ഉദ്ദേശിക്കുന്ന ജോലിക്കാവശ്യമാണെങ്കിൽ അതിനുള്ള തയ്യാറെടുപ്പും തുടങ്ങാം. കുട്ടിയുടെ വിദ്യാഭ്യാസമാണ് പ്രധാന ലക്ഷ്യമായി പറഞ്ഞിരിക്കുന്നത്.
ഇതിനായി മുപ്പതു ലക്ഷം രൂപയാണു പ്രതീക്ഷിക്കുന്നത്. മകൾക്ക് എട്ടു വയസ്സാണ്.
അടുത്ത ഒൻപതു വർഷത്തിൽ ഈ തുക കണ്ടെത്തേണ്ടതായിട്ടു വരും. ഈ തുക സമാഹരിക്കാൻ ഇനിയുള്ള കാലയളവിൽ 32,000 രൂപ പ്രതിമാസം നിക്ഷേപിക്കേണ്ടതായിട്ടു വരും.
ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ 12% വളർച്ചയാണ് അനുമാനിച്ചിരിക്കുന്നത്. അതുപോലെ 50 ലക്ഷം രൂപ വില വരുന്ന ഒരു വീട് അഞ്ചു വർഷം കഴിഞ്ഞ് വയ്ക്കാനുദ്ദേശിക്കുന്നു.
നിലവിലെ വീട് താമസയോഗ്യമാണ് എങ്കിൽ അതു നിലനിർത്തുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. വീടു പണിയുന്നതിനുള്ള തുക സമാഹരിക്കാൻ 70,000 രൂപ പ്രതിമാസം ഏഴു ശതമാനം വളർച്ച ലഭിക്കുന്ന റെക്കറിങ് ഡിപ്പോസിറ്റിലോ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ച് സമാഹരിക്കാവുന്നതാണ്.
ഈ തുക നിക്ഷേപിക്കാൻ സാധിക്കുന്നില്ലയെങ്കിൽ 35,000 രൂപ പ്രതിമാസം നീക്കിവച്ച് 25 ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി തുകയ്ക്ക് വായ്പ എടുക്കുകയും ചെയ്യാം. വീടിനായി നീക്കിവയ്ക്കുന്ന 35,000 രൂപ നിക്ഷേപം തുടർന്ന് ഇഎംഐയിലേക്ക് അടയ്ക്കേണ്ടിവരും.
അതായത് ഇപ്പോൾ മുതൽ 35000 രൂപ 55 വയസ്സുവരെ നീക്കിവയ്ക്കണം എന്നുസാരം. ഇപ്പോൾ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾക്കുതന്നെ 67,000 രൂപ നിക്ഷേപിക്കേണ്ടിവരും.
കാർ, യാത്രകൾ എന്നിങ്ങനെ പല കാര്യങ്ങൾക്കും ഭാവിയിൽ തുക ആവശ്യമായി വരും. അതുകൊണ്ട്, വീണ്ടും ഒരു ജോലി നേടിയെടുക്കാൻ ശ്രദ്ധിക്കുക.
ഇപ്പോൾ ലഭിക്കുന്ന തുകയിൽ 30 ലക്ഷം രൂപ കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്ന നിക്ഷേപത്തിലിടുക. പോസ്റ്റ്ഓഫിസ് മന്ത്ലി ഇൻകം സ്കീമിൽ 9 ലക്ഷം വീതം രണ്ടുപേരുടെയും പേരിലിടുകയാണെങ്കിൽ പ്രതിമാസം 11,100 (5550X2) രൂപ വീതം പലിശ എല്ലാ മാസവും ലഭിക്കും.
ബാക്കി 12 ലക്ഷം രൂപ ഇതുപോലെതന്നെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിരനിക്ഷേപത്തിലും ഇടുക. ഈ രണ്ടു നിക്ഷേപത്തിൽനിന്നു ശരാശരി ഏഴു ശതമാനം പലിശ ലഭിച്ചാൽ 17,500 രൂപവീതം ലഭിക്കും.
ഈ തുക ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചു തുടങ്ങുക. വിരമിക്കൽ ആനുകൂല്യത്തിൽ ബാക്കി 10 ലക്ഷം രൂപയിൽനിന്നു മൂന്നു ലക്ഷം രൂപ എമർജൻസി ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക.
ഈ തുക പൂർണമായും വളരെ അത്യാവശ്യം വരുന്ന സന്ദർഭത്തിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. ബാക്കി ഏഴു ലക്ഷം രൂപ 50,000 രൂപയുടെ പ്രതിമാസ നിക്ഷേപമായി ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക.
ഈ നിക്ഷേപങ്ങൾ ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ളവയാണ്. ഇനിയുള്ള ജോലിയിൽനിന്ന് ഉയർന്ന ഒരു വരുമാനം ലഭിച്ചില്ലയെങ്കിൽ ഈ തുകകൾ കുട്ടിയുടെ വിദ്യാഭ്യാസത്തിനായ വിനിയോഗിക്കാനാവും.
ഇപ്പോൾ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന തുക ഇത്തരത്തിലുള്ള നിക്ഷേപത്തിലേക്കു പോകുന്നുവെന്ന് താങ്കൾ ഉറപ്പു വരുത്തണം. എന്നാൽ മാത്രമേ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ സാമ്പത്തിക സുരക്ഷിതത്വം തോന്നുകയുള്ളൂ.
അതുപോലെതന്നെ ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവ എയർഫോഴ്സിൽ ജോലി ചെയ്തതിന്റെ ഭാഗമായി ഉണ്ടാവുമല്ലോ. ഇവ കൂടി ഉറപ്പുവരുത്തുക.
ഇപ്പോൾ 38 വയസ്സാണുള്ളത്. നിക്ഷേപങ്ങൾ തുടങ്ങാൻ ഇനിയും വൈകിയിട്ടുമില്ല.
എന്നാൽ, ഒരു നല്ല ജോലി കണ്ടെത്തുക എന്നതാണ് പ്രധാനം. ലഭിക്കാൻ പോകുന്ന പ്രതിമാസ പെൻഷൻ ജീവിതച്ചെലവുകൾക്ക് ആവശ്യമായി വരും എന്ന അനുമാനത്തിലാണ് ഫിനാഷ്യൽ പ്ലാൻ തയാറാക്കിയിരിക്കുന്നത്.
ആ തുകയിൽനിന്നു ചെറിയ തുക മിച്ചംപിടിക്കാനായാൽ ചെറിയ യാത്രകൾക്കുള്ള തുക കണ്ടെത്താനാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

