ദില്ലി: രാജ്യത്ത് വലിയ ചർച്ചയായ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാകണമെന്ന് ക്യാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സി.ജെ.പി സ്ഥാപകന്റെ പരിഹാസം.
ചോദ്യപേപ്പർ ചോർച്ച പോലുള്ള ഗൗരവമേറിയ പ്രശ്നങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘എല്ലാ മന്ത്രിമാരും ഇൻസ്റ്റഗ്രാമിൽ സജീവമാകണം, ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യണം, ട്വിറ്ററിൽ മാത്രമായി ഒതുങ്ങരുത്’- ഇതാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി കണ്ടെത്തിയ പ്രശ്നപരിഹാരം എന്ന് അഭിജീത് ദിപ്കെ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിച്ചു.
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ് ആയി ഉയർന്നിരുന്നു. ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഒറ്റയടിക്ക് 10 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.
ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു. യുവതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി.
വിവരങ്ങൾ പങ്കുവെക്കാൻ റീലുകളും തത്സമയ സംവാദങ്ങളും ചെയ്ത് പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എം.പിമാരോടും പ്രധാനമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോ പങ്കുവെക്കുകയുണ്ടായി.
“നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു.
നിങ്ങൾ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്ദ്ദേശങ്ങള് അയച്ചുതന്നതിനും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും.
നമ്മുടെ ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ”- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയിൽ പറഞ്ഞത്.
നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി വ്യാഴാഴ്ച രാത്രി 11:52 ഓടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം 308 മില്യണിലേറെ പേർ കണ്ടുകഴിഞ്ഞു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന ബില്ല് അടുത്തയാഴ്ച പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വീഡിയോയിൽ പരാമർശമില്ല. “സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു.
അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്”- എന്നാണ് കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ പ്രധാനമന്ത്രി വിശദീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

