ഇടുക്കി ജില്ലയിലെ എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തു വരുന്നു. അജീഷ് ആന്റണി എന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
“ഞാൻ ആദ്യം അമ്മയെ കൊന്നു, പിന്നാലെ അപ്പനെയും” എന്നായിരുന്നു തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞത്. യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആന്റണിയുടെയും ഭാര്യ വത്സമ്മയുടെയും മൃതദേഹങ്ങൾ വീട്ടിൽ നിന്നും മാറ്റിയ ശേഷമാണ് പ്രതിയെ ഉച്ചയോടെ തെളിവെടുപ്പിനായി എത്തിച്ചത്. വീടിനുള്ളിൽ പ്രവേശിച്ച പ്രതി, വീട്ടിൽ കാണാതിരുന്ന മാതാവ് ചിന്നമ്മയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്.
വല്യമ്മയെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും ഇത് തന്നെ കുടുക്കാൻ വേണ്ടി ചെയ്യുന്നതാണെന്നും ഇയാൾ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം എടുത്ത ചിത്രങ്ങൾ എഴുകുംവയൽ പള്ളിയിലെ മുൻ വൈദികനാണ് ആദ്യം അയച്ചുനൽകിയത്.
തുടർന്ന് വൈദികൻ വിവരം പള്ളി വികാരിയെ അറിയിക്കുകയും, വികാരിയും കൈക്കാരന്മാരും പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തുകയുമായിരുന്നു. തങ്ങൾ എത്തുമ്പോൾ പ്രതി കൊന്ത ഉരുട്ടി പടിയിൽ ഇരിക്കുകയായിരുന്നുവെന്നും, ദൈവം പറഞ്ഞതനുസരിച്ചാണ് താൻ അവരെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായും പ്രദേശവാസിയായ ടോമി വ്യക്തമാക്കി.
എന്നാൽ പിന്നീട് ഇയാൾ അക്രമാസക്തനായിരുന്നില്ല. അകത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിയുടെ മുത്തശ്ശി ചിന്നമ്മയെ ഇയാൾ ഉപദ്രവിച്ചിരുന്നില്ല.
പിന്നീട് പ്രദേശത്ത് ഉരുൾപൊട്ടിയെന്ന് തെറ്റിധരിപ്പിച്ചാണ് പൊലീസ് ചിന്നമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റിയത്. ലഹരിക്ക് അടിമയായിരുന്ന പ്രതിയെ മുൻപ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിനുശേഷമാണ് മാതാപിതാക്കളോട് ഇയാൾക്ക് വിരോധം തോന്നിത്തുടങ്ങിയത്. കട്ടപ്പനയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന അജീഷ് ഓൺലൈൻ ലോൺ ആപ്പുകൾ വഴി വലിയ തുക കടം വാങ്ങിയിരുന്നു.
ഇതിന്റെ തിരിച്ചടവ് മുടങ്ങിയത് ഇയാളെ മാനസികമായി തളർത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെയും ഇയാൾ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മകൻ ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നത് തടയാൻ വത്സമ്മ ഫോൺ ഒളിപ്പിച്ചു വെച്ചിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് മകൻ അജീഷിനായി ഒരു വീട് നിർമ്മിച്ചു നൽകുന്നതിനെക്കുറിച്ച് വത്സമ്മ സംസാരിച്ചിരുന്നതായി ഒപ്പം തൊഴിലുറപ്പിന് പോകുന്ന സ്ത്രീകൾ പറയുന്നു. മാതാപിതാക്കളുടെ വിദേശത്തുള്ള മൂത്ത മകൻ നിതിൻ ആന്റണി അടുത്തിടെ പുതിയ വീട് സ്വന്തമാക്കിയിരുന്നു.
ലഹരിക്ക് അടിമയാണെങ്കിലും മാതാപിതാക്കൾ അജീഷിനെക്കുറിച്ച് ആരോടും മോശമായി സംസാരിച്ചിരുന്നില്ല. സാധാരണയായി അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അജീഷ്.
എന്നാൽ സംഭവം നടന്ന ദിവസം ഇയാൾ അസാധാരണമായാണ് പെരുമാറിയത്. ആന്റണിയും വത്സമ്മയും പറമ്പിൽ പണിയെടുക്കുന്നതിനിടയിലും ഇയാൾ പണത്തിനായി ബഹളം വെച്ചിരുന്നു.
അന്ന് വൈകുന്നേരം മുതൽ പ്രദേശത്ത് ശക്തമായ മഴയായിരുന്നതിനാൽ വീട്ടിൽ നിന്നുള്ള ശബ്ദങ്ങളോ നിലവിളികളോ പുറംലോകം അറിഞ്ഞിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

