ഓണക്കാലത്ത് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടി. ടിക്കറ്റ് ലഭിക്കണമെങ്കിൽ വലിയ തുക മുടക്കേണ്ട
അവസ്ഥയാണ്. ഗൾഫിലേക്കുള്ള വിമാനനിരക്കുകൾ 50,000 മുതൽ ഒരു ലക്ഷം രൂപ വരെയായി ഉയർന്നു കഴിഞ്ഞു.
കൂടാതെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളും ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ യാത്രാത്തിരക്ക് അനുഭവപ്പെടുന്നത് ബെംഗളൂരുവിനും കേരളത്തിനും ഇടയിലാണ്.
അധിക സർവീസുകൾക്കായി പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും നിലവിലെ ആവശ്യകതയ്ക്ക് പോരാത്ത അവസ്ഥയാണ്. സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കും ടിക്കറ്റ് ലഭ്യമല്ല.
മലബാർ മേഖലയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതായതോടെ സ്വകാര്യ ബസുകൾ വൻതോതിൽ നിരക്ക് വർധിപ്പിച്ചു. കാസർകോട്–തിരുവനന്തപുരം റൂട്ടിൽ സ്ലീപ്പർ ബസ് നിരക്ക് 2500 മുതൽ 3000 രൂപ വരെയായി ഉയർന്നു.
അതേസമയം, ബെംഗളൂരു–തിരുവനന്തപുരം സ്വകാര്യ ബസ് നിരക്ക് 5000 രൂപയും ചെന്നൈ–തിരുവനന്തപുരം നിരക്ക് 4000 രൂപയും കടന്നു. മാസം അവസാനമായ 30ന് കൊച്ചിയിൽനിന്നു ദുബായിലേക്ക് 54,943 രൂപയും തിരുവനന്തപുരത്തുനിന്നു 82,727 രൂപയുമാണു വിമാന ടിക്കറ്റ് നിരക്ക് വരുന്നത്.
അബുദാബി, ഷാർജ, റിയാദ്, ദോഹ, ബഹ്റൈൻ തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ഒരു ലക്ഷം രൂപ വരെ നൽകേണ്ടി വരും. പല യാത്രക്കാരും ഉയർന്ന നിരക്ക് ഒഴിവാക്കാനായി ബെംഗളൂരുവിലും മുംബൈയിലും എത്തി അവിടുന്ന് വിമാനം കയറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനക്കൂലി 11,000 രൂപ വരെയായി എത്തിയിട്ടുണ്ട്. സ്വകാര്യ ബസുകളാകട്ടെ വിമാനക്കൂലിയോട് മത്സരിക്കുന്ന രീതിയിലാണ് നിരക്ക് ഈടാക്കുന്നത്; നിരക്ക് 5500 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് ദിവസേന സർവീസ് നടത്തുന്ന കേരള, മംഗള– ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്ത ടിക്കറ്റുകൾ പോലും നിലവിൽ വെയ്റ്റിങ് ലിസ്റ്റിലാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ നഗരങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 15,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് ഈടാക്കുന്നത്.
ബെംഗളൂരുവിൽ നിന്നുള്ള ഉത്രാടദിനത്തിലെ വിമാനടിക്കറ്റ് നിരക്കുകൾ കൊച്ചിയിലേക്ക് 7500 രൂപ വരെയും തിരുവനന്തപുരത്തിന് പതിനായിരത്തോടടുത്തുമാണ്. സ്വകാര്യ ബസുകളിൽ എറണാകുളത്തേക്ക് എസി സ്ലീപ്പർ നിരക്ക് 4200 മുതൽ 5000 രൂപ വരെയാണ്.
നിലവിലെ തിരക്ക് പരിഗണിച്ച് കേരള ആർടിസി 35 സ്പെഷൽ ബസുകൾ സർവീസ് നടത്തുമ്പോൾ, കർണാടക ആർടിസി 150 സർവീസുകൾ നടത്തുന്നുണ്ട്. മുംബൈയിൽ നിന്നുള്ള ഒരു ട്രെയിനിലും ഇപ്പോൾ കൺഫേംഡ് ടിക്കറ്റുകൾ ലഭ്യമല്ല.
വിമാന യാത്രാ നിരക്കാവട്ടെ, 22ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും 9000 രൂപയ്ക്കു മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

