തൃശൂർ: വടക്കേക്കാട് സ്റ്റേഷനിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ കഴിയവെ വധശ്രമ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ.
വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അതീവ സുരക്ഷാ വീഴ്ചയെന്നു വിശേഷിപ്പിക്കാവുന്ന സംഭവം നടന്നത്.
പുന്നയൂര്‍ക്കുളം ചമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷിഫാന് (30) ആണ് കൈവിലങ്ങോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി പ്രതിയെ വടക്കേക്കാട് ഹെല്‍ത്ത് സെന്റെറിലേക്ക് എത്തിച്ച സമയത്തായിരുന്നു സംഭവം.
ഇയാളുടെ ഇരു കൈകളിലും ബന്ധിപ്പിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാത്രമായി മാറ്റിയ തക്കം നോക്കി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടാഴ്ച മുന്‍പ് പുന്നയൂര്‍ക്കുളം ബാറിനു മുന്നിലുണ്ടായ അടിപിടിയിൽ വടക്കേകാട് മുരിയന്തടം സ്വദേശിയായ വിഷ്ണു യാദവിന് (24) ചെവിയിലും തലയിലും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ കാപ്പ നിയമനടപടികൾക്കടക്കം വിധേയനായിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഒളിവിൽ കഴിയുന്ന മുഹമ്മദ് ഷിഫാൻ. സംഭവം നടന്ന് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല.
പ്രതിക്കായി ഗുരുവായൂർ എസിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് ഊർജിതമായ തെരച്ചിൽ തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 04872542390 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

