കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഗതാഗതക്കുരുക്കിന് താൽക്കാലിക ആശ്വാസമായി ചെറുവണ്ണൂർ മേൽപാലം അങ്ങാടി ജംക്ഷൻ യാത്രാസൗകര്യത്തിനായി തുറന്നു നൽകി. പാലത്തിന്റെ പ്രധാന ഗർഡറുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് വൈകിട്ട് 6 മണിക്ക് ജംക്ഷനിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്.
ഈ നടപടിയോടെ ചെറുവണ്ണൂരിൽ നിന്നും ബേപ്പൂർ, കൊളത്തറ റോഡുകളിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും, ഫറോക്ക് ഭാഗത്തുനിന്ന് ചെറുവണ്ണൂർ പ്രധാന പാതയിലൂടെ നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്കുള്ള ഗതാഗത നിരോധനം വരുന്ന 26 വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉച്ചയോടെയാണ് ജംക്ഷനിലെ സ്പാനുകളിൽ 6 ഗർഡറുകൾ സ്ഥാപിച്ചത്. തുടർന്ന് ഗാൻട്രി ക്രെയിൻ കൊണ്ടുപോകാൻ സജ്ജീകരിച്ച റെയിൽ നീക്കം ചെയ്യുകയും റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പൊതുഗതാഗതം അനുവദിച്ചത്.
ജംക്ഷൻ തുറന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രദേശവാസികൾ പടക്കം പൊട്ടിക്കുകയും ചെയ്തു. ഒരാഴ്ചത്തെ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തി നടത്തുന്ന മേൽപാലം നിർമ്മാണത്തിന്റെ 3 ദിവസം പിന്നിട്ടപ്പോൾ ഇതുവരെ 8 ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാൻ സാധിച്ചത്.
മേൽപാലത്തിന്റെ ഉയരം കൂടിയ ഭാഗമായ ജംക്ഷനിലെ ഗർഡറുകൾ സ്ഥാപിച്ചതോടെ നിർമ്മാണത്തിലെ നിർണായക കടമ്പയാണ് പിന്നിട്ടത്. ഇനി വരുന്ന 3 ദിവസം കൊണ്ട് മറ്റ് 3 സ്പാനുകളിലെ 16 ഗർഡറുകൾ കൂടി സ്ഥാപിക്കാനുണ്ട്.
പെട്രോൾ പമ്പ് പരിസരത്ത് നിർമ്മിച്ചു വെച്ച കോൺക്രീറ്റ് ഗർഡറുകൾ ഗാൻട്രി ക്രെയിൻ ഉപയോഗിച്ചാണ് തൂണുകളിലേക്ക് എത്തിക്കുന്നത്. എന്നാൽ 50 ടൺ ഭാരമുള്ള ഗർഡറുകൾ ഉദ്ദേശിച്ച രീതിയിൽ സ്ഥലത്ത് എത്തിക്കാൻ കഴിയാത്തത് വെല്ലുവിളിയായി തുടരുന്നുണ്ട്.
അതേസമയം, എത്രയും വേഗം പണികൾ പൂർത്തിയാക്കി മുഴുവൻ റോഡും ഗതാഗതത്തിനായി തുറന്നു കൊടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കരാർ കമ്പനി. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളാണുണ്ടാവുക.
ആകെ 84 ഗർഡറുകളാണ് പാലത്തിലുള്ളത്. ഇതിനോടകം പാലത്തിന്റെ ഇരുഭാഗത്തുമായി 46 ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു.
നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിലാണ് ചെറുവണ്ണൂരിൽ ഈ മേൽപാലം യാഥാർത്ഥ്യമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

