തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് പി.എസ്.
പ്രശാന്ത് നേരിട്ട് ഇടപെടൽ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവാഭരണം കമ്മീഷണർ റെജിലാൽ സമർപ്പിച്ച റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് നിർദ്ദേശം നൽകിയത്.
സ്വർണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ സ്മാർട്ട് ക്രിയേഷൻസിനില്ലെന്ന് ചൂണ്ടിക്കാട്ടി 2025 ജൂലൈ 30-നാണ് റജിലാൽ ദേവസ്വം സെക്രട്ടറിക്ക് ഔദ്യോഗിക റിപ്പോർട്ട് നൽകിയിരുന്നത്. സ്വർണം പൂശാൻ പരമ്പരാഗത രീതി തന്നെ സ്വീകരിക്കണമെന്നായിരുന്നു ഈ റിപ്പോർട്ടിലെ പ്രധാന ശുപാർശ.
എന്നാൽ, ഈ നിർദ്ദേശങ്ങൾ അവഗണിച്ച് പ്രശാന്ത് നേരിട്ട് ഇടപെടുകയും ചെന്നൈയിലേക്ക് തന്നെ പാളികൾ കൊണ്ടുപോകാമെന്ന് കാണിച്ച് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിനായി റജിലാലിൽ കടുത്ത സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് 2025 ഓഗസ്റ്റ് രണ്ട്-ാം തീയതി ചേർന്ന ബോർഡ് യോഗം ഇതിന് അനുമതി നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെന്നൈയിലേക്ക് പാളികൾ കൊണ്ടുപോകുന്നതിനായി വ്യാജ രേഖകൾ തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ യാതൊരുവിധ നിയമാനുസൃത കരാറും നിലവിലുണ്ടായിരുന്നില്ല. പാളികൾ ചെന്നൈയിൽ എത്തിച്ചതിന് ശേഷം ബെല്ലാരിയിൽ നിന്നും 2025 ഓഗസ്റ്റ് എട്ട്-ാം തീയതി പോറ്റി മുദ്രപത്രം വാങ്ങി.
തുടർന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേർന്ന് വ്യാജ കരാറിൽ ഒപ്പിടുകയായിരുന്നു. ചെന്നൈയിൽ എത്തിച്ച 12 പാളികളിൽ നാല് പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തിട്ടുണ്ട്.
2019 ലെ സ്വർണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള വലിയ ഗൂഢാലോചനയാണ് പ്രതികൾ ഇതിലൂടെ നടത്തിയത്. ഈ നടപടികൾ വഴി ദേവസ്വം ബോർഡിന് പ്രതികൾ അന്യായമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കി.
സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് വൻ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ പ്രതികൾ ഒത്താശ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. 2020 മുതൽ 2025 വരെയുള്ള കാലയളവിലെ ബോർഡ് ജീവനക്കാരുടെ പങ്ക് എസ്.ഐ.ടി (SIT) സംഘം വിശദമായി അന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

