സാമ്പത്തിക തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ച മുൻ കുറ്റവാളി ചൈനയിൽ സാംസ്കാരിക ഗുരുവിന്റെ വേഷത്തിൽ രംഗത്ത്. കിഴക്കൻ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന റുഷി അക്കാദമി എന്ന സ്ഥാപനത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ക്രൂരതകളും സ്ഥാപകന്റെ ഭൂതകാലവും പുറത്തുവന്നതോടെ അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്ഥാപനത്തിന്റെ തലവനായ ലായ് സെപിംഗ് അഥവാ റു പിംഗ് നടത്തുന്ന തട്ടിപ്പുകളും അക്കാദമിയിലെ പീഡനവിവരങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ലിൻ എന്ന് പേരുള്ള 16 വയസ്സുകാരിയായ പെൺകുട്ടി സുഹൃത്തുക്കൾക്കായി മുൻകൂട്ടി ചിത്രീകരിച്ചു വെച്ച വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
“എന്നെ ഇൻ്റർനെറ്റ് അഡിക്ഷൻ ചികിത്സാ കേന്ദ്രത്തിലേക്കോ തിരുത്തൽ ക്യാമ്പിലേക്കോ അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ ഫോണിൽ കിട്ടാതായാൽ ദയവായി പോലീസിനെ വിളിച്ച് രക്ഷിക്കണം” എന്നായിരുന്നു പെൺകുട്ടിയുടെ കണ്ണീരോടെയുള്ള അപേക്ഷ.
2024-ൽ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനും ബഹുമാനക്കുറവ് കാണിച്ചതിനും ഒരു വർഷത്തേക്ക് നന്നാക്കിയെടുക്കാനാണ് മാതാപിതാക്കൾ ഈ സ്ഥാപനത്തിൽ കുട്ടിയെ ചേർത്തത്. ഇതിനായി 1,20,000 യുവാൻ (ഏകദേശം 18,000 യുഎസ് ഡോളർ) ആണ് ഫീസായി നൽകിയത്.
എന്നാൽ മാതാപിതാക്കൾ സമ്മർ ക്യാമ്പിലേക്ക് വീണ്ടും അയക്കാൻ പദ്ധതിയിട്ടപ്പോഴാണ് ലിൻ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്ഥാപനത്തിൽ 20-ലധികം വിദ്യാർത്ഥികളാണ് ഉള്ളത്.
ഇവിടെയെത്തുന്നവരുടെ ഫോണുകളും തിരിച്ചറിയൽ രേഖകളും പൂർണ്ണമായി പിടിച്ചെടുക്കുകയാണ് പതിവ്. ദിവസവും ധ്യാനവും പരമ്പരാഗത പാഠങ്ങളും നിർബന്ധമാക്കിയിട്ടുള്ള ഈ കേന്ദ്രത്തിൽ, അനുസരണക്കേട് കാണിച്ചാലോ പുഞ്ചിരിക്കാൻ മറന്നാൽ പോലും കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നതായി ആക്ഷേപമുണ്ട്.
എന്നിരുന്നാലും, “ഞങ്ങളുടെ കുട്ടിക്കാലത്തും അധ്യാപകർ ഇങ്ങനെയൊക്കെ തന്നെയാണ് പഠിപ്പിച്ചത്” എന്ന് ന്യായീകരിച്ചുകൊണ്ട് കുട്ടിയുടെ അമ്മ സ്ഥാപനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. സംഭവം വിവാദമായതോടെ അക്കാദമി തലവൻ റൂ പിംഗിന്റെ ക്രിമിനൽ പശ്ചാത്തലവും പുറത്തുവന്നു.
1998-നും 2001-നും ഇടയിൽ 1.4 കോടിയിലധികം യുവാൻ തട്ടിയ കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2022-ൽ അനധികൃത ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് രണ്ട് വർഷത്തെ തടവും പിഴയും ലഭിച്ചിരുന്നു.
താൻ ‘ജയിലിലാണ് വളർന്നത്’ എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്ന ഇയാൾ, തടവുശിക്ഷ അനുഭവിച്ചാലും ജയിച്ചവൻ ജയിച്ചവൻ തന്നെയാണെന്നാണ് ക്ലാസുകളിൽ പറയുന്നത്. 2012-ൽ ഇയാൾ ആരംഭിച്ച സമാനമായ മറ്റൊരു പരിശീലന കേന്ദ്രവും സമാനമായ ആരോപണങ്ങളെ തുടർന്ന് പൂട്ടിപ്പിച്ചിരുന്നു.
ഴെജിയാങ് പ്രവിശ്യയ്ക്ക് പുറമെ ഗ്വാങ്ഡോങ്, ഫുജിയാൻ, ഷാൻഡോങ് എന്നിവിടങ്ങളിലും ഈ അക്കാദമിക്ക് ശാഖകളുണ്ട്. മുതിർന്നവർക്കായി 5,800 മുതൽ 10,000 യുവാൻ വരെയുള്ള കോഴ്സുകളും, കുട്ടികളുടെ കേന്ദ്രത്തിൽ പ്രതിവർഷം 1,20,000 യുവാനുമാണ് ഈടാക്കുന്നത്.
‘മാതാപിതാക്കളോട് ഭക്തിയും ഭർത്താവിനോട് അനുസരണയും’ വേണമെന്നാണ് സ്ഥാപനം നൽകുന്ന പ്രധാന പാഠം. ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി രജിസ്റ്റർ ചെയ്യാത്തതിനാൽ ഇത്തരം സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണമോ ജീവനക്കാർക്ക് ലൈസൻസോ ആവശ്യമില്ലാത്ത സ്ഥിതിയാണുള്ളത്.
ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, ഷിൻചാങ് കൗണ്ടിയിലെ പ്രാദേശിക ഭരണകൂടം സ്ഥാപനത്തിനെതിരെ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

