ഹിരോഷിമയും നഗസാക്കിയും അനുഭവിച്ചതാണ്, അതിജീവിച്ചതാണ്, എണ്ണിയാലൊടുങ്ങാത്തത്ര പ്രകൃതി ദുരന്തങ്ങളും താണ്ടിയ മനുഷ്യരാണ് ജപ്പാന്‍കാര്‍. പിന്നെയാണോ ഒരു അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഇഷാൻ കിഷനും.
സാനൊ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കിയ ഏതൊരു ക്രിക്കറ്റ് ആരാധകരും ഒരുനിമിഷം ആഗ്രഹിച്ചിട്ടുണ്ടാവണം ജപ്പാൻ ജയിച്ചിരുന്നെങ്കിലെന്ന്. അത്രത്തോളമുണ്ടായിരുന്നു അവരുടെ ചെറുത്തുനില്‍പ്പും പോരാട്ടവീര്യവും.
അഞ്ച് ഓവറില്‍ ഇന്ത്യയെ 32 റണ്‍സിലൊതുക്കിയ അസാധാരണ പ്രകടനം, ലോകക്രിക്കറ്റിലെ മുൻനിര താരങ്ങളെ ഒരേ ഒരു ബൗണ്ടറിയിലൊതുക്കിയ കണിശത എന്നിവയാണ് മത്സരത്തില്‍ കണ്ടത്. രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദ മത്സരത്തിനുള്ള മൈതാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍ ഈ ഗ്രൗണ്ടില്‍ അഭിഷേകും സഞ്ജുവും ഇരട്ടസെഞ്ചുറിയടിച്ചാല്പ്പോലും അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു.
ഒടുവില്‍ കാര്‍മേഘങ്ങളൊക്കെയും നീങ്ങി അഞ്ച് ഓവര്‍ മത്സരത്തിന് കളം ഒരുങ്ങി സഞ്ജുവും അഭിഷേകും ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും കരുതിയത് ഇന്ത്യ കുറഞ്ഞത് 100 റണ്‍സെങ്കിലും സ്കോര്‍ ചെയ്യുമെന്നായിരുന്നു. സഞ്ജുവായിരുന്നു സ്ട്രൈക്കില്‍.
ചാര്‍ളി ഹാര ഹിൻസെ എറിഞ്ഞ ആദ്യ പന്തിലുണ്ടായിരുന്നു സൂചന. ഡ്രിഫ്റ്റ് ചെയ്ത് ലെഗ് സ്റ്റമ്പിനെ തേടിയെത്തിയ പന്തിനെ പ്രതിരോധിക്കുകയല്ലാതെ സഞ്ജുവിന് നിര്‍വാഹമുണ്ടായിരുന്നില്ല.
മൂന്നാം പന്ത് സഞ്ജുവിന്റെ മിഡല്‍ സ്റ്റമ്പിനെ നിലം പതിപ്പിക്കുമെന്നോര്ത്തു. നാലാം പന്തില്‍ ആശ്വാസത്തിനൊരു ബൗണ്ടറി മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
പിന്നീടൊരു സിംഗിളും നേടി. ശേഷമാണ് ഹിൻസെയുടെ ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും സുവര്‍ണമായ നിമിഷം സംഭവിക്കുന്നത്.
ലെഗ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയെത്തിയ പന്തില്‍ അഭിഷേകിന്റെ സ്വീപ്പ് ഷോട്ട് ശ്രമം ടോപ് എഡ്ജില്‍ കലാശിച്ചു. ഷോര്‍ട്ട് ഫൈനില്‍ ഷോ സൂഗയുടെ കൈകളില്‍ ഭദ്രമായി പന്ത് വിശ്രമിച്ചു.
30 പന്തില്‍ സെഞ്ചുറിയുമായി എത്തുന്ന അഭിഷേക് ഇവിടെ ഗോള്‍ഡൻ ഡക്കായി മടങ്ങി. അടുത്തത് സഞ്ജുവിന്റെ ഊഴമായിരുന്നു.
ഇബ്രാഹിം തക്കഹാഷിയുടെ ഫ്ലൈറ്റഡ് ഡെലിവെറി ജഡ്ജ് ചെയ്യുന്നതിലെ പിഴവാണ് വിനയായത്. ഡീപ് മിഡ് വിക്കറ്റില്‍ ബെഞ്ജമിന്റെ വെല്‍ ജഡ്ജ്ഡ് ക്യാച്ചില്‍ സഞ്ജു പുറത്തായി.
അഫ്ഗാനിസ്ഥാനെതിരെ ദിവസങ്ങള്‍ക്ക് മുൻപ് പവര്‍പ്ലേയില്‍ മാത്രം 100 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേക് – സഞ്ജു സഖ്യത്തിന്റെ ആകെ സമ്പദ്യം ഒൻപത് റണ്‍സ് മാത്രമാണ്. ലോക ഒന്നാം നമ്പര്‍ ബാറ്ററായ ഇഷാൻ കിഷൻ ആകട്ടെ നേരിട്ട
ആറ് പന്തില്‍ നേടാനായത് മൂന്ന് റണ്‍സ് മാത്രം. ബെഞ്ചമിന്റേയും തക്കഹാഷിയുടേയും പന്തുകള്‍ ഇഷാനെ നന്നായി വെള്ളം കുടിപ്പിച്ചു.
തിലക് വര്‍മയും ശ്രേയസ് അയ്യരും ടോപ് ത്രീയുടെ തുടര്‍ച്ചയായി ക്രീസിലെത്തി. അവസാന ഓവറില്‍ ശ്രേയസ് അയ്യര്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്കോര്‍ 30 കടത്തിയത്.
ഇന്ത്യൻ ബാറ്റര്‍മാരില്‍ സ്ട്രൈക്ക് റേറ്റ് നൂറിന് മുകളിലുണ്ടായിരുന്നത് സഞ്ജുവിനും ശ്രേയസിനും മാത്രം. ബാക്കിയെല്ലാവരുടേതും 50ല്‍ താഴെയായിരുന്നു.
ക്രിക്കറ്റ് പുസ്തകങ്ങളിലെ എല്ലാ ഷോട്ടുകളും കൈവശമുള്ളവരാണ് ഇന്ത്യന്‍ താരങ്ങളെന്ന് ഓര്‍ക്കണം. ഇന്ത്യയെ 32 റണ്‍സില്‍ ഒതുക്കി മടങ്ങിയ മൊമന്റില്‍ ജപ്പാൻ താരങ്ങളെല്ലാം പരസ്പരം ഹൈ ഫൈവ് നല്‍കിയാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്.
അത് ഒരു ലോകകപ്പ് ജയിച്ചപോലെയുള്ള സന്തോഷമായിരുന്നു അവര്‍ക്ക്. ജപ്പാൻ ഇന്നിങ്സിലെ ആദ്യ രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്ന് തോന്നിയിരുന്നു.
എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ അവര്‍ക്ക് അക്സര്‍ പട്ടേലിനും വാഷിങ്ടണ്‍ സുന്ദറിനും നന്ദി പറയേണ്ടി വന്നു. എന്നാല്‍ രവി ബിഷ്ണോയ് എറിഞ്ഞ മൂന്നാം ഓവറില്‍ ജപ്പാൻ നായകൻ കെൻഡല്‍ ഫ്ലെമിങ്ങും ബെഞ്ചമിനും ചേര്‍ന്ന് പത്ത് റണ്‍സ് കണ്ടെത്തി.
സുന്ദര്‍ എറിഞ്ഞ നാലാം ഓവറില്‍ ഏഴ് റണ്‍സും പിറന്നു. കെൻഡല്‍ മടങ്ങിയെങ്കിലും എട്ട് റണ്‍സിന്റെ ദൂരം മാത്രമായിരുന്നു ജപ്പാന് ആ ചരിത്ര നിമിഷത്തിലേക്ക് ബാക്കിയുണ്ടായിരുന്നത്.
അക്സറിന്റെ ആദ്യ പന്തൊരു ഡോട്ട് ബോളായി മാറി. ശേഷം ബെഞ്ചമിൻ സിംഗിള്‍ നേടി.
മത്സരത്തിലെ തന്നെ ഏറ്റവും നാടകീയമായ നിമിഷങ്ങളുടെ തുടക്കം ഇവിടെയാണ്. അലക്സാണ്ടര്‍ ഷിറായ് അക്സറിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചപ്പോള്‍ അമ്പയര്‍ വൈഡ് വിളിച്ചു.
അടുത്ത പന്തിലും സമാനമായി സംഭവിച്ചു, ഇക്കുറിയും വൈഡ് വിളിക്കപ്പെട്ടു. എന്നാല്‍, സഞ്ജുവും അക്സറും ശ്രേയസും അടക്കമുള്ള ഇന്ത്യൻ താരങ്ങള്‍ അസ്വസ്ഥരായി കാണപ്പെട്ടു.
തോല്‍വി മുന്നിലപ്പോള്‍ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശ്രേയസ് സ്ക്വയര്‍ ലെഗ് അമ്പയര്‍ ക്രിസ് ബ്രൗണുമായി സംസാരിക്കുകയും തുടര്‍ന്ന് അമ്പയറുടെ തീരുമാനം തിരുത്തുകയും ചെയ്തു.
ഇന്ത്യൻ ടീമിന്റെ സമ്മര്‍ദത്തിന് അമ്പയറിന് കീഴ്പ്പെടേണ്ടി വന്നു എന്ന് വേണമെങ്കിൽ പറയാം. റീപ്ലേകളോ തേഡ് അമ്പയറുടെ സഹായമോ ഇല്ലാതെയുള്ള ഒരു തിരുത്തലായിരുന്നു അത്.
സൗഹൃദ മത്സരത്തിന്റെ സൗഹൃദാന്തരീക്ഷം അവിടെ അല്‍പ്പം കുറഞ്ഞതുപോലെ തോന്നിപ്പിച്ചു. ഒടുവില്‍ ജപ്പാാനും വിജയത്തിനുമിടയില്‍ നാല് റണ്‍സ് മാത്രം ബാക്കിനില്‍ക്കെ, അലക്സാണ്ടറിന് അക്സറിന്റെ പരിചയസമ്പത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
ഒടുവില്‍ ഇന്ത്യ രണ്ട് റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. മോശം അമ്പയറിങ്ങും സ്ലോ ഔട്ട് ഫീല്‍ഡും സ്പിൻ ഫ്രണ്ട്ലി വിക്കറ്റുമൊക്കെയായിരിക്കാം മത്സരത്തിന്റെ സ്വഭാവം മാറ്റിയത്.
എങ്കിലും, ജപ്പാന് അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് സാനോയില്‍ കാഴ്ചവെച്ചത്. തലമുറകള്‍ക്ക് ഓര്‍ത്തുവെക്കാനും പ്രചോദനമാകാനും സാധിക്കുന്നൊരു പരാജയമാണിത്.
അത് ജയത്തോളം തന്നെ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ ക്രിക്കറ്റിനേയും ആരാധകരേയും മുള്‍മുനയില്‍ നിര്‍ത്തിയ 60 പന്തുകളാണ് ഈ മത്സരം സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

