തൃപ്പൂണിത്തുറയിൽ സ്ഥിരമായി ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്ക് ദുരിതം തീർത്ത് വീണ്ടും വേണാട് എക്സ്പ്രസ് ട്രെയിൻ വൈകുന്നതായി വ്യാപക പരാതി. പല ദിവസങ്ങളിലും അരമണിക്കൂറിലധികം വൈകിയാണ് ട്രെയിൻ തൃപ്പൂണിത്തുറയിൽ എത്തിച്ചേരുന്നത്.
തിരുവനന്തപുരത്തു നിന്നുള്ള ആദ്യ സർവീസായ ഈ ട്രെയിനിനെ ആശ്രയിച്ച് ആയിരക്കണക്കിന് ആളുകളാണ് ദിവസവും തൃപ്പൂണിത്തുറയിൽ വണ്ടിയിറങ്ങുന്നത്. എന്നാൽ ട്രെയിൻ സമയം പാലിക്കാത്തത് പലരുടെയും തൊഴിൽ പോലും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്.
റെയിൽവേ ഡിവിഷന് കീഴിലുള്ള വിവിധ മേഖലകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളാണ് ട്രെയിൻ വൈകുന്നതിന് പ്രധാന കാരണം. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും കൊറിഡോർ ബ്ലോക്കിൽ ഒരു സെക്ഷനിലെ ജോലികൾ പൂർണമായും ഏകോപിപ്പിക്കുന്നതിലും അധികൃതർ പരാജയപ്പെടുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിക്കുന്നു.
ട്രെയിനുകൾ വഴിതിരിച്ചുവിടുമ്പോൾ ഒന്നിലധികം ജോലികൾ സമന്വയിപ്പിക്കുന്നതിൽ ഡിവിഷന് വീഴ്ചയുണ്ടായിട്ടുണ്ട്. കൊച്ചിയിലെ വിവിധ ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങൾ തൃപ്പൂണിത്തുറ സ്റ്റേഷനെയാണ് മുഖ്യ ആശ്രയമായി കാണുന്നത്.
മെട്രോ സർവീസുകൾ കൂടി എത്തിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ വേണാടിന്റെ അനന്തമായ വൈകിയോട്ടം നിത്യേനയുള്ള യാത്രക്കാരുടെ മുഴുവൻ ജീവിതക്രമവുമാണ് താറുമാറാക്കുന്നത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻപും അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിന് 1 കിലോമീറ്റർ മുൻപും ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി പരിമിതപ്പെടുത്തിയത് വൈകലിന് മറ്റൊരു കാരണമാണ്. ചീഫ് ഇലക്ട്രിക്കൽ ലോക്കോമോട്ടീവ് എൻജിനീയർ (സിഇഎൽഇ), പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ (പിസിഇഇ) എന്നിവരുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഈ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്.
സമീപകാലത്തായി സ്പാഡ് (SPAD- SIGNAL PASSING AT DANGER) സംഭവങ്ങൾ വർധിച്ചുവന്ന പശ്ചാത്തലത്തിലാണ് റെയിൽവേയുടെ ഈ സുരക്ഷാ നടപടി. ഈ പുതിയ വേഗത നിയന്ത്രണം ഏറ്റവും അധികം ദുരിതം വിതച്ചിരിക്കുന്നത് തൃപ്പൂണിത്തുറ വരെയുള്ള വേണാട് യാത്രക്കാരെയാണ്.
തിരുവനന്തപുരം മുതൽ തൃപ്പൂണിത്തുറ വരെയുള്ള സർവീസിന് പ്രത്യേകിച്ച് അധിക സമയം അനുവദിച്ചിട്ടില്ലാത്തതിനാൽ നിയന്ത്രണങ്ങൾ കർശനമാകുമ്പോൾ വൈകുന്ന സമയവും വർധിക്കുകയാണ്. 66328 മെമു 12 കാറിൽ സർവീസ് ആരംഭിച്ചിട്ടും രാവിലത്തെ വേണാടിലെ തിരക്കിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് കുമാർ വ്യക്തമാക്കി.
അനിയന്ത്രിതമായ തിരക്ക് കാരണം പാൻട്രി കാർ ഒഴിവാക്കിയാണ് വേണാട് ഇപ്പോഴും സർവീസ് നടത്തുന്നതെന്നും, രാവിലത്തെ സമയക്രമം കൃത്യമായി പാലിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വൈകുന്നേരങ്ങളിൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർ പടിയിൽ തൂങ്ങിക്കിടക്കുന്ന അതീവ അപകടകരമായ സാഹചര്യത്തിലാണ് വേണാട് പുറപ്പെടുന്നത്.
വാരാന്ത്യങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമിൽ പൊലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും വൈകുന്നേരത്തെ തിരക്കിന് ശാശ്വത പരിഹാരം കാണണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു. വേണാട് എക്സ്പ്രസ് രാവിലത്തെ തൃപ്പൂണിത്തുറയിലെ കൃത്യമായ സമയം: 09.12
തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ എത്തിയത്: 09.40
ചൊവ്വാഴ്ച തൃപ്പൂണിത്തുറയിൽ എത്തിയത്: 09.44
ബുധനാഴ്ച തൃപ്പൂണിത്തുറയിൽ എത്തിയത്: 09.37
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

