ഇറാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഡോണൾഡ് ട്രംപ്, ഒടുവിൽ വെടിനിർത്തലിനുള്ള സാധ്യതകൾ തുറന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസമാകുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഈയാഴ്ച ന്യൂയോർക്കിൽ എത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെ താൻ കണ്ടേക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇതിനിടയിൽ ഹോർമുസ് വഴി കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ എണ്ണം വർധിച്ചതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും രാജ്യാന്തര ക്രൂഡോയിൽ വിലയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആണവ വിഷയത്തിൽ കരാറിന് തയാറാകണമെന്നും മര്യാദയോടെ പെരുമാറിയില്ലെങ്കിൽ ഇറാനെ ആ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നുമായിരുന്നു നേരത്തെ ട്രംപ് നടത്തിയ ഭീഷണി. എന്നാൽ ഇതിനു പിന്നാലെയാണ് പെസെഷ്കിയാനെ കാണുന്ന കാര്യം അദ്ദേഹം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ചൈന നടത്തിയ ഇടപെടലും, ക്രൂഡോയിൽ വിതരണം സുഗമമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളും എണ്ണവില കുറയാൻ കാരണമായി.
കഴിഞ്ഞവാരം ബാരലിന് 109 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ 2.12% ഇടിഞ്ഞ് 101.7 ഡോളറിലെത്തി. ബാരലിന് 105 ഡോളറായിരുന്ന ഡബ്ല്യുടിഐ ക്രൂഡ് വില 2.31% കുറഞ്ഞ് 97.98 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
എണ്ണവില കുറഞ്ഞത് യുഎസിൽ അടിസ്ഥാന പലിശനിരക്ക് വീണ്ടും വർധിക്കാനുള്ള സാധ്യതകൾക്ക് ആശ്വാസമാകുന്നുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ലഘൂകരിക്കാനും ഈ വിലയിടിവ് സഹായിക്കും.
കൂടാതെ ഡോളറിന്റെയും ബോണ്ടിന്റെയും കുതിപ്പ് തടയപ്പെട്ടതും ഓഹരി വിപണിക്ക് പുതിയ ഉണർവ് നൽകുന്നുണ്ട്. യുഎസിൽ എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് 0.23%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.27%, ഡൗ ഫ്യൂച്ചേഴ്സ് 0.25% എന്നിങ്ങനെ ഉയർന്നു.
ഏഷ്യൻ വിപണികളിൽ ചൈനീസ്, കൊറിയൻ സൂചികകൾ നേട്ടത്തിലാണ്. ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനികളുടെ ഓഹരികൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യതയും വിപണിയെ സജീവമാക്കുന്നുണ്ട്.
അതേസമയം, പശ്ചിമേഷ്യ പൂർണ്ണമായും സമാധാനത്തിലേക്ക് എത്തിയിട്ടില്ലെന്ന വിലയിരുത്തലുമുണ്ട്. ചൈനയും യുഎസും വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുമ്പോഴും, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൗദി അറേബ്യയെ ആക്രമിച്ചതായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും യുഎസും പരസ്പരം ഭീഷണി മുഴക്കിയ സാഹചര്യത്തിൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും, ട്രംപ് – പെസെഷ്കിയാൻ കൂടിക്കാഴ്ച നടക്കുമെന്ന റിപ്പോർട്ടുകൾ വിപണിയിൽ സമാധാന പ്രതീക്ഷ നിലനിർത്തുന്നുണ്ട്.
ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ ഉരിസലുകൾ ഇന്ത്യൻ വിപണിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. റഷ്യൻ എണ്ണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കുമേൽ 100% തീരുവ ചുമത്താൻ അനുമതി നൽകുന്ന ബില്ലിൽ ട്രംപ് കഴിഞ്ഞവാരം ഒപ്പുവെച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
വിരട്ടലുകൾ വിലപ്പോവില്ലെന്നും എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യ സ്വയം തീരുമാനിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകാനുള്ള സാധ്യതയും ഇതിലൂടെ മങ്ങിയിരിക്കുകയാണ്.
ഈ 100% തീരുവ നടപ്പിലാകുന്നത് ഏതെങ്കിലും വിധത്തിൽ തടയണമെന്ന് കയറ്റുമതി മേഖല ആവശ്യപ്പെടുന്നുണ്ട്. ട്രംപിന്റേത് അനീതി നിറഞ്ഞ നടപടിയാണെന്ന് വിമർശിച്ച കോൺഗ്രസ്, ഈ താരിഫ് നയത്തെ തള്ളിക്കളയണമെന്നും വ്യാപാരക്കരാർ ചർച്ചകൾ നിർത്തിവെക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും പുതിയ താരിഫ് വെല്ലുവിളികളും ഇന്ത്യൻ ഓഹരി വിപണിയെയും രൂപയുടെ മൂല്യത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. വിപണി തുടക്കത്തിൽ ഗിഫ്റ്റ് നിഫ്റ്റി 0.16 പോയിന്റ് (-0.07%) മാത്രമായി നേരിയ തോതിൽ താഴേക്ക് നീങ്ങിയിരുന്നു.
സെൻസെക്സും നിഫ്റ്റിയും വളരെ കരുതലോടെയാണ് വ്യാപാരം ആരംഭിച്ചത്. യുഎസ്, ഏഷ്യൻ വിപണികളുടെ അനുകൂല സാഹചര്യങ്ങൾ വിപണിക്ക് തിരിച്ചുകയറാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കങ്ങളാണ് ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന വിഷയം. ടാറ്റ സൺസ് ചെയർമാൻ എൻ.
ചന്ദ്രശേഖരന്റെ കാലാവധി ബോർഡ് അഞ്ച് വർഷത്തേക്ക് നീട്ടിനൽകിയതും ഐപിഒ പ്രഖ്യാപിച്ചതും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച നോയൽ ടാറ്റ, നിയമപോരാട്ടത്തിന് തയാറെടുക്കുകയാണെന്നാണ് സൂചന.
വളരെ നിസ്സാരമായി പരിഹരിക്കാമായിരുന്ന ഈ വിഷയം എൻ. ചന്ദ്രശേഖരൻ കൂടുതൽ വഷളാക്കിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കഴിഞ്ഞ വ്യാപാര സെഷനിൽ ടാറ്റ ഗ്രൂപ്പ് ഓഹരികൾ വൻ തകർച്ചയാണ് നേരിട്ടത്. കമ്പനിയുടെ സംയോജിത വിപണി മൂല്യത്തിൽ നിന്ന് 40,000 കോടി രൂപയാണ് ഒറ്റയടിക്ക് ചോർന്നുപോയത്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI) ഇന്ത്യൻ ഓഹരികളിൽ നിന്ന് പണം പിൻവലിക്കുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അവർ 600 കോടി രൂപയാണ് വിപണിയിൽ നിന്ന് പിൻവലിച്ചത്.
രൂപയുടെ മൂല്യം തുടക്കത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് താഴ്ന്ന് ഡോളറിനെതിരെ 95.89 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. ന്യൂയോർക്കിൽ വെച്ച് പ്രസിഡന്റ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, താരിഫ് യുദ്ധം, യുഎസ്-ചൈന എഐ/സെമികണ്ടക്ടർ മത്സരങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങൾ ഈ ചർച്ചയിൽ ഇടംപിടിക്കും. ഇന്ത്യയിലെ ഓഗസ്റ്റ് മാസത്തെ മുഖ്യ വ്യവസായ വളർച്ചാക്കണക്കുകൾ ഇന്നറിയാം എന്നത് ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (NSE) ഐപിഒ നടപടികൾ ഇന്നത്തോടെ അവസാനിക്കുകയാണ്. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
ഈ മാസം 24-നാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 16 ഡോളർ കുറഞ്ഞ് 4371 ഡോളറിലെത്തിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. വെള്ളിയുടെ വിലയും കുറയാൻ ഇടയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

