തിരുവനന്തപുരം കരമനയിൽ 55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്നയാൾ പൊലീസിന്റെ പിടിയിലായി. കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം രൂപക്ക് അയൽവാസികളെയും പൊലീസിനെയും അറിയിക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടികളും ഇൻക്വസ്റ്റും പൂർത്തിയാക്കിയിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്നും വാരിയെല്ലുകൾ ഒടിഞ്ഞതായും വ്യക്തമായതോടെയാണ് മരണം കൊലപാതകമാണെന്ന നിർണായക നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന രൂപക്കിനെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ കിഴക്കേകോട്ട
ഭാഗത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്.
പ്രതി വാങ്ങി സൂക്ഷിച്ചിരുന്ന മദ്യം ശ്രീകണ്ഠൻ നായർ എടുത്തു കഴിച്ചതാണ് ഇരുവർക്കുമിടയിലെ തർക്കത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപാനത്തിനിടയിലുണ്ടായ അഭിപ്രായവ്യത്യാസവും തുടർന്നുണ്ടായ വാക്കേറ്റവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

