ദില്ലി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ദുൽഖർ സൽമാൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ ആശങ്കയും വ്യക്തമായ നിലപാടും അറിയിച്ചത്.
സമരക്കാരെ കേൾക്കണമെന്നും വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യര്‍ കരുണയും ബഹുമാനവും അർഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയും അവരുടെ കുടുംബങ്ങളുടെ വേദനയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് ദുൽഖർ സൽമാൻ പ്രതികരിച്ചത്.
കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും, പരസ്പര ധാരണയോടെ മുന്നോട്ട് പോകാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണിത്. വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രതീക്ഷയും മികച്ചൊരു ഭാവിയുമാണ് നൽകേണ്ടത്.
എന്നാൽ യുവതലമുറ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് ഏറെ സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നോട്ട് ഇനി വഴിയില്ലെന്ന് കരുതി ചില വിദ്യാർത്ഥികൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നത് ഹൃദയം തകർക്കുന്ന കാര്യമാണ്.
മക്കളുടെ നല്ല ഭാവിക്കായി കടബാധ്യതകളും പേറി ജീവിക്കുന്ന മാതാപിതാക്കളുടെ വേദന അതിലും വലുതാണെന്നും അദ്ദേഹം കുറിച്ചു. വ്യത്യസ്ത അഭിപ്രായങ്ങൾക്കുമപ്പുറം, സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും സഹാനുഭൂതിയോടെ കാണണം.
ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും വിഷയത്തിൽ പരിഹാരം കാണണം. വിഭജനത്തിലും അക്രമത്തിലും അധിഷ്ഠിതമായ ഭാവിയേക്കാൾ ശക്തമായിരിക്കും പരസ്പര ധാരണയിൽ പടുത്തുയർത്തുന്ന ഭാവിയെന്നും ദുൽഖർ സൽമാൻ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

