ഉത്തർപ്രദേശിലെ ഖൊരഖ്പൂരിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മൂന്ന് പേരെ 17കാരൻ കൊലപ്പെടുത്തി. സഹോദരനെയും ഭാര്യയേയും മൂന്ന് വയസ്സുകാരനായ കുഞ്ഞിനെയുമാണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്.
ഉറങ്ങിക്കിടക്കുകയായിരുന്നവരെയാണ് പ്രതി ആക്രമിച്ചത്. ഈ സമയത്ത് ദമ്പതികളുടെ മൂത്ത മകൻ സമീപത്തുണ്ടായിരുന്നെങ്കിലും അവനെ ആക്രമിക്കാൻ പ്രതി മുതിർന്നില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: “ഭാരമുള്ള വസ്തുകൊണ്ട് മൂന്നുപേരെയും അടിച്ച് വീഴ്ത്തിയതിനു ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടുകയായിരുന്നെന്ന് പ്രതി പൊലീസിന് മൊഴി നൽകി.” കൊലപാതകം നടക്കുമ്പോൾ പ്രതിയുടെ മാതാപിതാക്കൾ വീടിന്റെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം വീടിന്റെ ഒന്നാം നിലയിലുള്ള മുറിയിൽ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒൻപതാം ക്ലാസിന് ശേഷം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രതി തൊഴിൽരഹിതനായിരുന്നു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കട തനിക്ക് നൽകണമെന്ന് ഇയാൾ പിതാവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പിതാവ് ഈ ആവശ്യം നിരാകരിച്ചതോടെയാണ് പ്രതിക്ക് തന്റെ സഹോദരനോട് ശത്രുത ഉടലെടുത്തത്. കുടുംബസ്വത്തിന്റെ ഭൂരിഭാഗവും പിതാവ് തന്റെ സഹോദരന് നൽകുമെന്ന ഭയമാണ് പ്രതിയെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വിലയിരുത്തുന്നു.
നിലവിൽ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

