പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിർണ്ണായക വഴിത്തിരിവ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പാർട്ടി സ്ഥാപകയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ നീക്കം ചെയ്തതായി വിമത പക്ഷം പ്രഖ്യാപിച്ചു.
കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പാർട്ടിയിലെ നേതൃത്വപരമായ ഈ മാറ്റം തീരുമാനിച്ചത്. പാർട്ടിയുടെ പുതിയ അധ്യക്ഷനായി അരൂപ് റോയ്യെ തിരഞ്ഞെടുത്തതായി വിമത വിഭാഗം നേതാക്കൾ വ്യക്തമാക്കി.
ഇതിനു പിന്നാലെ, ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്പെൻഡ് ചെയ്തതായും ഇവർ അറിയിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമസഭയ്ക്ക് ഉള്ളിലെ പോരാട്ടങ്ങൾക്ക് പുറമെ പാർട്ടിയുടെ അധികാര ശ്രേണിയിലേക്കും തർക്കം വ്യാപിച്ചിരിക്കുകയാണ്. മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
പ്രധാന നേതാക്കളുടെ പങ്കാളിത്തം
ഋതബ്രത ബാനർജി, അരൂപ് റോയ്, ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പാർട്ടി ഭരണഘടന പ്രകാരം മൂന്ന് വർഷം കൂടുമ്പോൾ ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും, എന്നാൽ 2022 ഫെബ്രുവരിയിൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയവ രൂപീകരിച്ചില്ലെന്നും ഋതബ്രത ബാനർജി ആരോപിച്ചു.
പുതിയ ഭാരവാഹികൾ
യോഗത്തിൽ 30 അംഗങ്ങളുള്ള പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിക്ക് ഏകകണ്ഠമായി അംഗീകാരം നൽകി. ഇതിൻപ്രകാരം ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവർ വൈസ് ചെയർപേഴ്സൺമാരായും, ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവർ ജനറൽ സെക്രട്ടറിമാരായും ചുമതലയേറ്റു.
പാർട്ടിയുടെ സാമ്പത്തിക രേഖകൾ പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും യോഗം തീരുമാനിച്ചു. ഏതാണ്ട് 60 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വിമത വിഭാഗം അവകാശപ്പെടുന്നു.
ലോക്സഭയിലെ 28 തൃണമൂൽ കോൺഗ്രസ് എംപിമാരിൽ 20 പേർ പാർട്ടി വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ലയിക്കുകയും ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ മമത ബാനർജി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

