സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി നേതാവ് ജിന്റോ ജോൺ രംഗത്ത്. ജനാധിപത്യ സംവിധാനത്തിൽ ഒരാളുടെ മാത്രം തീരുമാനം കൂട്ടായി ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയായ മാതൃകയല്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ജിന്റോ ജോൺ ഉന്നയിച്ച പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: “ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തിൽ ഒരു മോശപ്പെട്ട
സംസ്കാരവുമല്ല. എത്രയോ നല്ല കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട
സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങൾക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്.” മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാരിനെതിരെയുണ്ടായ ബാർ കോഴ ആരോപണങ്ങളെ അദ്ദേഹം തന്റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. “ശരിതെറ്റുകളുടെ തർക്കങ്ങൾ മാറ്റിനിർത്തിയാലും ബാർകോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങൾ സമ്മാനിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ തോൽപ്പിച്ച ചിലതിൽ ഒന്നായിരുന്നു.
ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാർട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വർത്തമാനകാല തീരുമാനങ്ങൾ. ആരോപണങ്ങൾ ഉന്നയിക്കാൻ പിണറായിസ്റ്റുകൾക്കും പ്രത്യേകമായി അന്നത്തെ എക്സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല.
പക്ഷേ പൊതുജനങ്ങൾക്ക് ഉണ്ടെന്ന് ഓർക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങൾ ആകണം.” കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെയും അദ്ദേഹം പരിഹസിച്ചു. “ലോട്ടറിയും മദ്യവും മണൽ കച്ചവടവും അല്ലാതെയുള്ള മാജിക്ക് ആണ് കേരള വികസനത്തിന്റെ പുതുയുഗത്തിൽ കാത്തിരിക്കുന്നത്.
ബാക്കിയെല്ലാം ഐസക്ക് ഇക്കണോമിക്സിന്റെ പ്രേതാവേശം പോലെയാകും. ഇവയിൽ ഏതായാലും ദൂരവ്യാപക സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കാത്തുവക്കുന്നതാണ്.” സുതാര്യതയില്ലാത്ത തീരുമാനങ്ങൾ പ്രവർത്തകരെ പ്രതിരോധത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
“ചോദ്യങ്ങൾക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവർക്ക് തൊണ്ടയടയുന്ന പരുങ്ങൽ സമ്മാനിക്കരുത്… മുന്നിൽ നിന്ന് ഉത്തരം പറയേണ്ടവർ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികൾ അല്ലാത്തവരാണ്. ഓർക്കണേ” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജിന്റോ ജോൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

