മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ട്രാജിക് ചിത്രങ്ങളിലൊന്നായ കിരീടം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. 1989-ൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ ക്ലാസിക് ചിത്രം, 37 വർഷങ്ങൾക്ക് ശേഷം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുനഃപ്രകാശനം ചെയ്യുന്നത്.
ലോഹിതദാസ് – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചലച്ചിത്ര വിസ്മയം, ഇന്നേവരെ കാണാത്ത ദൃശ്യ വ്യക്തതയോടെ 4 കെ റെസ്റ്റൊറേഷനിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ റീ-റിലീസിനോടനുബന്ധിച്ചുള്ള ട്രെയ്ലർ പുറത്തിറക്കി.
താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായിരുന്നു. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷനും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും സംയുക്തമായാണ് ചിത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിർവഹിച്ചത്.
മലയാളത്തിലെ പല ക്ലാസിക് സിനിമകളുടെയും ഒറിജിനൽ പ്രിന്റുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് മോഹൻലാൽ ചടങ്ങിൽ അനുസ്മരിച്ചു. “കിലുക്കം അടക്കമുള്ള ചിത്രങ്ങൾ അക്കൂട്ടത്തിൽ വരും.
അത്തവണത്തെ ദേശീയ അവാർഡിൽ മോഹൻലാലിന് സ്പെഷൽ മെൻഷൻ ലഭിച്ചിരുന്നു. ഒരു പ്രിന്റ് എൻഎഫ്ഡിസിയിലേക്ക് പോയതിന്റെ കാരണം അതായിരിക്കാമെന്ന് മോഹൻലാൽ പറഞ്ഞു.” സേതുമാധവൻ എന്ന കഥാപാത്രം മലയാളിയുടെ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗർഭാഗ്യവാനായ നായകന്മാരിൽ ഒരാളാണ്.
ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരുടെ മകനായി, ഒരു എസ് ഐ ആകാൻ ആഗ്രഹിച്ച സേതുമാധവൻ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഗുണ്ടയായി മാറുന്ന കഥാതന്തു ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ചിത്രത്തിൽ അച്യുതൻ നായരെ അവതരിപ്പിച്ചത് തിലകൻ ആണ്.
ഇരുവരും തമ്മിലുള്ള അച്ഛൻ-മകൻ ബന്ധം ചിത്രത്തിന്റെ ആത്മാവായി നിലകൊള്ളുന്നു. പുറത്തിറങ്ങിയ ട്രെയ്ലർ നിലവിലുള്ള റീ-റിലീസുകളിൽ ഏറ്റവും മികച്ച ദൃശ്യാനുഭവമായിരിക്കും ‘കിരീടം’ നൽകുകയെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.
ചിത്രം അടുത്ത മാസത്തോടെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

