പുതിയ അധ്യയന വർഷത്തിലേക്കുള്ള വരവേൽപ്പിനായി സ്കൂൾ വിപണി പൂർണ്ണ സജ്ജമായി. കുട്ടികളെ ആകർഷിക്കുന്ന വ്യത്യസ്തമായ ഡിസൈനുകളിലുള്ള ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം തന്നെ വിപണിയിൽ ലഭ്യമാണ്.
വരും ദിവസങ്ങളിൽ കച്ചവടം കൂടുതൽ ഊർജ്ജിതമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇത്തവണത്തെ വിപണിയിലെ പ്രധാന ആകർഷണം ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്.
ഇതിന്റെ ഡിസ്പ്ലേയിൽ നേരിട്ട് എഴുതാനും വരയ്ക്കാനും സാധിക്കും എന്നതിന് പുറമെ, എഴുത്തുകൾ മായ്ക്കാനുള്ള പ്രത്യേക ബട്ടണും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. 150 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.
സ്കൂൾ ബാഗുകളുടെ വിപണിയിൽ 300 രൂപ മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്. മാർവൽ സൂപ്പർ ഹീറോകളുടെയും ഡിസ്നി കഥാപാത്രങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകൾക്കാണ് ചെറിയ ക്ലാസുകളിലെ കുട്ടികൾക്കിടയിൽ പ്രിയം ഏറെയുള്ളത്.
ഗുണമേന്മയും വാറന്റിയും ഉറപ്പുനൽകുന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്. മുതിർന്ന കുട്ടികൾക്കുള്ള ഇത്തരം ബാഗുകൾക്ക് 1500 രൂപ മുതലാണ് വില ഈടാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കുടകളുടെ വിപണനത്തിലും വലിയ മുന്നേറ്റമുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള വർണക്കുടകൾക്ക് 250 രൂപ മുതലാണ് വില.
വേനൽക്കാലത്തിന് ശേഷമുള്ള മഴക്കാലം ആരംഭിക്കുന്നതോടെ കുടകളുടെ ആവശ്യകത വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ, 250 രൂപ നിരക്കിൽ ലഞ്ച് ബോക്സുകളും 100 രൂപ മുതൽ വാട്ടർ ബോട്ടിലുകളും വിപണിയിൽ ലഭ്യമാണ്.
സൂപ്പർമാർക്കറ്റുകൾ ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുകയും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. ഓൺലൈൻ വിപണിയും ഈ മേഖലയിൽ ശക്തമായ സാന്നിധ്യമാണ്.
എന്നാൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വ്യാപാരവും വിദ്യാലയങ്ങൾ വഴി നേരിട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതും ചെറുകിട കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

