ജനാധിപത്യ സംവിധാനത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകൻ വ്യക്തമാക്കി. നേഹ ബോറ പങ്കെടുത്ത കൂട്ടായ്മയിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചതിന് പിന്നാലെയാണ് പ്രതിരോധവുമായി അഭിഭാഷകൻ രംഗത്തെത്തിയത്.
സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പാക്കാൻ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ നോട്ടിസിനെ ചോദ്യം ചെയ്ത് നേഹ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് പ്രസാദിന്റെ ബെഞ്ച് വിധി പറയാനായി മാറ്റിവച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് വിധി പ്രസ്താവിക്കും. നേഹ ബോറ തുടർച്ചയായി നിയമനിരോധനങ്ങൾ ലംഘിക്കുകയാണെന്നും 12 തവണ ഇത്തരത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സിജെപി നേതാക്കൾക്കും പ്രശാന്ത് ഭൂഷണും ഒപ്പമാണ് നേഹ ഈ പ്രസ്താവനകൾ നടത്തിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ഒക്ടോബർ 16ന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി നടത്തിയ പ്രതിഷേധവുമായി നേഹയ്ക്ക് ബന്ധമില്ലെന്നും മണ്ഡി ഹൗസിൽ സ്വന്തം നിലയ്ക്കുള്ള പ്രതിഷേധത്തിലാണ് അവർ പങ്കെടുത്തതെന്നും പ്രതിഭാഗം വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടയിൽ, ഒരാളോട് നല്ല രീതിയിൽ പെരുമാറിക്കൊള്ളാമെന്ന് കാണിച്ച് ബോണ്ട് വാങ്ങുന്നത് ആ വ്യക്തിക്ക് മേൽ ഒരു കറുത്ത മുദ്ര പതിപ്പിക്കുന്നതിനു തുല്യമാണെന്ന ആശങ്ക കോടതി പങ്കുവെച്ചു. ‘‘ഞാൻ ഒരു ചീത്തക്കുട്ടിയാണെന്ന് മുൻകൂട്ടി മുദ്രകുത്തിയ ശേഷം, ഇനി മുതൽ നല്ല കുട്ടിയായിരിക്കാമെന്ന് എഴുതിത്തരാൻ ആവശ്യപ്പെടുന്നതാണ് ഹർജിക്കാരിയുടെ വിഷമം’’– ലൈവ് ലോ റിപ്പോർട്ട് ചെയ്തതനുസരിച്ച് കോടതി നിരീക്ഷിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 19, 21 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഈ പൊലീസ് നോട്ടിസെന്ന് നേഹ ബോറയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. നേഹ സമാധാന അന്തരീക്ഷം തകർക്കുമെന്ന് കാണിക്കാൻ വ്യക്തമായ തെളിവുകളൊന്നും നോട്ടിസിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

