സംസ്ഥാനത്തെ പ്രധാന കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിൽ പെരുന്നാൾ പ്രമാണിച്ച് വൻ കച്ചവടം രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് ചന്തയിൽ നടന്നത്.
സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്താറുള്ള സ്ഥാനത്ത്, ഇത്തവണ 63 ലോഡ് വരെ എത്തിച്ചേർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചതോടെ കച്ചവടം ഉഷാറായി.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ മൃഗങ്ങളെ എത്തിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നും വലിയൊരു വിഭാഗം വ്യാപാരികളും ആവശ്യക്കാരും ചന്തയിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കച്ചവടം മികച്ച നിലയിലായിരുന്നു. ചന്തയുടെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇടച്ചന്തകളും പ്രവർത്തിക്കുന്നുണ്ട്.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശി ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ഈ പോത്തിനെ മഹാരാഷ്ട്രയിൽ നിന്നാണ് മൂന്ന് ദിവസം മുൻപ് എത്തിച്ചത്.
മുറ ഇനത്തിൽപെട്ട ഇതിന് 3000 കിലോയിലധികം ഭാരമുണ്ട്.
എട്ടു ലക്ഷം രൂപ വരെ പലരും വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല. ഭീമൻ പോത്തിനെ കാണാൻ നിരവധി പേരാണ് ചന്തയിൽ തടിച്ചുകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

