പൂയപ്പള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുന്നതിനിടെ വൻതോതിൽ വെള്ളി ആഭരണങ്ങൾ കണ്ടെത്തി. മരുതമൺപള്ളി ക്ഷേത്രത്തിനു സമീപമുള്ള തോട് വൃത്തിയാക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ഉപേക്ഷിക്കപ്പെട്ട
നിലയിൽ പ്ലാസ്റ്റിക് ടിൻ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ടിന്നിനുള്ളിൽ നിറയെ ആഭരണങ്ങൾ കണ്ടതോടെ തൊഴിലാളികൾ ഉടൻ തന്നെ വാർഡ് അംഗത്തെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പൂയപ്പള്ളി പൊലീസ് ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു. പൊലീസ് പരിശോധനയിൽ ഏകദേശം 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ നിന്ന് ലഭിച്ചത്.
ഇതിൽ 35 ജോടി പാദസരങ്ങൾ, 2 ജോടി കാൽത്തളകൾ, 2 ഏലസ്സുകൾ, 5 മൂക്കുത്തികൾ, 2 ജോടി കമ്മലുകൾ, ഒരു മോതിരം, ഇടിവള എന്നിവ ഉൾപ്പെടുന്നു. ആഭരണങ്ങൾക്ക് പുറമെ ഒരു ചാർജറും ടിന്നിൽ ഉണ്ടായിരുന്നു.
കൂടാതെ, ഈ പ്രദേശത്തിന് സമീപത്തുനിന്നും ഇലക്ട്രോണിക്സ് ത്രാസും കണ്ടെടുത്തു. ചെറിയ ആഭരണക്കടകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസാണ് ലഭിച്ചിട്ടുള്ളത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ സാധനങ്ങൾ തോട്ടിലൂടെ ഒഴുകി എത്തിയതാണോ അതോ ആരെങ്കിലും ബോധപൂർവം ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപപ്രദേശങ്ങളിലെ കടകളിൽ നിന്ന് സമാനമായ സാധനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

