യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളും തുടർച്ചയായ ഡ്രോണാക്രമണങ്ങളും നിലനിൽക്കെ തന്നെ, റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ ഇന്ത്യ വൻ വർധന രേഖപ്പെടുത്തി. ജൂൺ മാസത്തിൽ ഇന്ത്യ വാങ്ങിയ റഷ്യൻ ക്രൂഡോയിലിന്റെ മൂല്യം ഏകദേശം 49,000 കോടി രൂപയാണ്.
സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) കണക്കുകൾ പ്രകാരം, തൊട്ടുമുമ്പുള്ള മാസത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡോയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ ഇന്ത്യ.
രാജ്യത്തെ പ്രധാന റിഫൈനറികളിലെ കണക്കുകൾ പരിശോധിച്ചാൽ ഈ കുതിപ്പിന്റെ വ്യാപ്തി വ്യക്തമാകും. കൊച്ചിയിലെ ഭാരത് പെട്രോളിയം കോർപറേഷന്റെ റിഫൈനറിയിലേക്ക് എത്തിയ റഷ്യൻ ക്രൂഡിന്റെ അളവിൽ 83 ശതമാനവും, റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ 150 ശതമാനവും വർധനയുണ്ടായി.
കൂടാതെ, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പാരദ്വീപ് റിഫൈനറി 126 ശതമാനവും, നയാരയുടെ വാഡിനാർ റിഫൈനറി 45 ശതമാനവും അധികമായി റഷ്യൻ ക്രൂഡ് സ്വീകരിച്ചിട്ടുണ്ട്. ഇത് റഷ്യയുടെ ക്രൂഡോയിൽ കയറ്റുമതിയിൽ 14 ശതമാനം വളർച്ചയ്ക്ക് വഴിയൊരുക്കി.
ഗതാഗത സൗകര്യങ്ങളുടെ ലഭ്യത വർധിച്ചതോടെ, ബാൾട്ടിക് തുറമുഖമായ പ്രിയോമോസ്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ കടത്തുകൂലി 15 ദശലക്ഷം ഡോളറിൽ നിന്ന് 10 ദശലക്ഷം ഡോളറായി കുറഞ്ഞതും അനുകൂല ഘടകമായി. അതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ എണ്ണശുദ്ധീകരണ ശാലകൾ തകർന്നതിനെത്തുടർന്ന് റഷ്യ നേരിടുന്ന ഇന്ധനപ്രതിസന്ധിക്ക് പരിഹാരമായി ഇന്ത്യയിൽ നിന്നുള്ള പെട്രോൾ ഇറക്കുമതി റഷ്യ വർധിപ്പിച്ചതായും സൂചനയുണ്ട്.
റഷ്യൻ ഓഹരി പങ്കാളിത്തമുള്ള നയാര എനർജി ശുദ്ധീകരിച്ച പെട്രോൾ സാധാരണ പാതകളൊഴിവാക്കി റഷ്യയിലേക്ക് അയക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യൻ കമ്പനികൾ റഷ്യയുമായി നേരിട്ട് ഇന്ധനക്കച്ചവടം നടത്തുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര തലത്തിൽ പുതിയ രാഷ്ട്രീയ വെല്ലുവിളികളും ഉയരുന്നുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് യുഎസ്.
റഷ്യൻ എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിന് ഫണ്ട് നൽകുന്നതിന് തുല്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതിനകം തന്നെ യുഎസ് സെനറ്റർമാർ ഇതുമായി ബന്ധപ്പെട്ട
നിയമനിർമ്മാണത്തിന് ധാരണയിലെത്തിയിട്ടുണ്ട്. നേരത്തെ ഇതേ കാരണത്താൽ ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ യുഎസ് ചുമത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾ തുടർന്നാൽ കപ്പൽ നിരക്കുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

