സുപ്രീം കോടതിയുടെ പുതിയ ഉത്തരവുകളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കൊച്ചി കോർപറേഷൻ കർശന നടപടികളിലേക്ക്. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലുകൾ നടത്താനാണ് കോർപറേഷൻ ഭരണസമിതിയുടെ തീരുമാനം.
കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ വേഗത്തിലാക്കും. നിലവിൽ നായ്ക്കളെ പിടികൂടുന്നതിന് ആവശ്യമായ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ലൈസൻസുള്ള കൂടുതൽ പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്.
ഇക്കാര്യം വരാനിരിക്കുന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമെന്ന നിലയിൽ, ബ്രഹ്മപുരത്ത് ഒരേക്കർ സ്ഥലത്ത് ആസൂത്രണം ചെയ്ത ഷെൽറ്റർ പദ്ധതിക്ക് വേഗത കൂട്ടുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുൽ വ്യക്തമാക്കി.
അവർ പറഞ്ഞത്: “ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണ് തെരുവുനായ പ്രശ്നം. ബ്രഹ്മപുരത്ത് ഒരേക്കറിലെ ഷെൽറ്റർ പദ്ധതി വേഗത്തിലാക്കും.
ഇതിനായി ഫണ്ട് ലഭ്യമാക്കും. നായ്ക്കളെ ദത്തെടുക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.
ഭക്ഷണം പരിചരണം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ തുകയാണു ചെലവു പ്രതീക്ഷിക്കുന്നത്.” കോർപറേഷൻ ഏറ്റെടുത്ത നാല് ഏക്കർ ഭൂമിയിൽ ആദ്യഘട്ടമായി ഒരേക്കർ സ്ഥലത്താണ് എബിസി കേന്ദ്രം സജ്ജമാക്കുന്നത്. ദേശീയ മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന ഷെൽറ്ററിന്റെ രൂപകല്പനക്കായി മത്സരം സംഘടിപ്പിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഡിസൈനിന് 50,000 രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശം ചുറ്റുമതിൽ കെട്ടി ഭദ്രമാക്കും.
വാർഷിക പദ്ധതി വിഹിതത്തിൽ കൂടുതൽ തുക ഇതിനായി വകയിരുത്താനും കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിൽ ബാക്കി ഭൂമിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
കോർപറേഷന് പുറമെ ബ്ലോക്ക് തലങ്ങളിൽ ഷെൽറ്ററുകൾ സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

