ചാലക്കുടി ദേശീയപാതയിലെ മുരിങ്ങൂർ കോട്ടമുറിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ജനപ്രതിനിധികളും ദേശീയപാത അധികൃതരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സമീപ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് റോഡിലെ വെള്ളം സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഇരച്ചുകയറിയത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. മേലൂർ പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ബാധിച്ചത്.
പ്രസ്തുത വെള്ളം കൊരട്ടി പഞ്ചായത്തിന്റെ പരിധിയിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞതിനെത്തുടർന്നാണ് പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇരു പഞ്ചായത്തുകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിളിച്ചുചേർത്ത യോഗത്തിൽ വിഷയത്തിൽ അടിയന്തര ഇടപെടലിന് കലക്ടർ നിർദേശം നൽകി.
ഇറിഗേഷൻ കനാലിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും, കനാലിലെ വെള്ളം നിലവിൽ റോഡിലേക്ക് കയറുന്ന അവസ്ഥയാണുള്ളത്. ദേശീയപാതയിൽ അടിപ്പാത നിർമാണ വേളയിൽ ഡ്രെയ്നേജ് സംവിധാനത്തിന്റെ ലെവൽ തെറ്റിയെന്നും, ചില ഭാഗങ്ങളിൽ ഡ്രെയ്നേജ് നിർമിച്ചിട്ടില്ലെന്നും തുടക്കം മുതലേ പരാതിയുണ്ട്.
നിലവിലുള്ള ഡ്രെയ്നേജുകളിൽ മണ്ണ് നിറഞ്ഞ് ഒഴുക്ക് പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ അപാകതകൾ പരിശോധിച്ച് പരിഹരിക്കാൻ കലക്ടർ നിർദേശം നൽകി.
കൊരട്ടി പഞ്ചായത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു തടയുന്ന തടസ്സങ്ങൾ നീക്കാനും, പ്രദേശത്തെ തോട് പുനഃസ്ഥാപിക്കാനും നിർദേശമുണ്ട്. മുരിങ്ങൂർ ജംക്ഷനിൽ മേലൂരിലേക്ക് തിരിയുന്ന ഭാഗത്തെ ബെൽ മൗത്തിനു സമീപമുള്ള ഡ്രെയ്നേജ് അപാകത പരിഹരിക്കുന്നതിനും, കുഴിയുടെ വലുപ്പം വർധിപ്പിച്ച് കോൺക്രീറ്റ് ചെയ്ത് അപകടസാധ്യത ഒഴിവാക്കുന്നതിനും നിർദേശിച്ചു.
വർക്ക് ഷോപ്പ് റോഡിലെ കാനയുടെ തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം, വെള്ളം കല്ലിക്കടവ് റോഡിലേക്ക് ഒഴുകുന്നത് തടയാൻ പുതിയ കാന നിർമിക്കാനും തീരുമാനമായി. ഇതിനായുള്ള നിർമാണപ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റിക്ക് ചെയ്യാൻ അസൗകര്യമുള്ളതിനാൽ, പ്രസ്തുത തുക പഞ്ചായത്തിന് കൈമാറി പണികൾ പൂർത്തിയാക്കാനാണ് കലക്ടറുടെ നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

