സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്ന പത്തനംതിട്ട ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും, നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നേരത്തെ ജില്ലയിൽ ആകെ 58 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് വെറും 19 എണ്ണമായി ചുരുങ്ങിയിരിക്കുന്നു.
ഇതുവരെ 39 ഹോട്ടലുകളാണ് പ്രവർത്തനരഹിതമായി പൂട്ടിയത്. ദിവസവേതനക്കാർ, തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ള ഒട്ടേറെ സാധാരണക്കാരാണ് ഈ ജനകീയ ഭക്ഷണശാലകളെ ആശ്രയിച്ചിരുന്നത്.
തുടക്കത്തിൽ 20 രൂപയ്ക്കാണ് ഊണ് നൽകിയിരുന്നതെങ്കിലും, സാധനങ്ങളുടെ വിലക്കയറ്റം കാരണം പിന്നീട് ഇത് 35 മുതൽ 40 രൂപ വരെയായി ഉയർത്തേണ്ടി വന്നിരുന്നു. ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും സജീവമായിരുന്ന ഹോട്ടലുകളാണ് ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
ആകെയുള്ള 4 നഗരസഭകളിൽ ഇപ്പോൾ പത്തനംതിട്ടയിൽ മാത്രമാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. അതുപോലെ 53 പഞ്ചായത്തുകളിൽ ഉണ്ടായിരുന്ന ഹോട്ടലുകൾ ഇപ്പോൾ വെറും 18 പഞ്ചായത്തുകളിൽ മാത്രമായി ഒതുങ്ങി.
മൂന്നിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഇവയുടെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. പ്രതിസന്ധിക്ക് കാരണങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സബ്സിഡി പൂർണ്ണമായി നിലച്ചതും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങൾ ലഭിക്കാതെ വന്നതുമാണ് ഈ വ്യാപക അടച്ചുപൂട്ടലിന് കാരണമെന്ന് കുടുംബശ്രീ അധികൃതർ വ്യക്തമാക്കുന്നു.
ഒരു ഊണിന് നൽകിയിരുന്ന 10 രൂപ സബ്സിഡി നിർത്തലാക്കിയിട്ട് ഇതിനകം 3 വർഷം കഴിഞ്ഞു. ഇതോടെയാണ് ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
പാചകവാതകം, അരി, പച്ചക്കറി എന്നിവയുടെ വിലക്കയറ്റത്തോടൊപ്പം കെട്ടിട വാടക, വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവയും ഹോട്ടലുകളെ തളർത്തി.
പല യൂണിറ്റുകളും തങ്ങളുടെ ഉപജീവന മാർഗ്ഗം നിലനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും, ചെലവുകൾ ക്രമാതീതമായി ഉയർന്നതോടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വരികയായിരുന്നു. നിർത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ കൃത്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ഇനി ഈ സംരംഭങ്ങൾക്ക് നിലനിൽപ്പുള്ളൂ.
ജനകീയ ഹോട്ടലുകൾ നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങൾ (സിഡിഎസ് തലത്തിൽ): പള്ളിക്കൽ, കലഞ്ഞൂർ, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം, കോട്ടാങ്ങൽ, കൊറ്റനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, നെടുമ്പ്രം, കുറ്റൂർ, നിരണം, ചെന്നീർക്കര, കോയിപ്രം, തണ്ണിത്തോട്, പത്തനംതിട്ട, കുളനട, പന്തളം തെക്കേക്കര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

