പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ ടോപ് സ്റ്റാർ സൂര്യ നായകനായി എത്തിയ പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരളത്തിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം കേരളത്തിൽ നിന്ന് 1.75 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്.
ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ചത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും ലഭിക്കുന്നുണ്ട്.
മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ഈ കുടുംബചിത്രം സിതാര എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൂൺ ഫോര് സിനിമാസും നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്.
ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യാവസാനം ചിരിയും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു പക്കാ ഫാമിലി എന്റർടെയിനറാണ് ഈ സിനിമയെന്നാണ് തിയറ്ററുകളിൽ നിന്നുള്ള പ്രേക്ഷകാഭിപ്രായം.
ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
വളരെ സ്റ്റൈലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘മാഡി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മമിത ബൈജുവും ഏറെ കയ്യടി നേടുന്നുണ്ട്.
സഞ്ജയ് വിശ്വനാഥ് എന്ന ടൈറ്റിൽ കഥാപാത്രമായാണ് സൂര്യ എത്തിയത്. രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ ചിത്രം സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ജി വി പ്രകാശ് കുമാർ സംഗീതവും നവീൻ നൂലി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

