ബ്രിട്ടിഷുകാരുടെ വെടിക്കോപ്പുകളും പടക്കോപ്പുകളും സൂക്ഷിച്ച സ്ഥലമാണു കൊല്ലം പീരങ്കി (കന്റോൺമെന്റ്) മൈതാനം. വേലുത്തമ്പി ദളവയ്ക്കെതിരെ ബ്രിട്ടിഷുകാർ നടത്തിയ ആക്രമണത്തിന്റെ സൈനിക ആസ്ഥാനമായിരുന്നു ഇത്.
അവശേഷിപ്പായി 5 പീരങ്കികൾ ഇന്നും ടികെ.ദിവാകരൻ പാർക്കിൽ കാണാനാകും. കല്ലുമാല സമരം ഉൾപ്പെടെ വീറുറ്റ സ്മരണ ഉയരുന്ന പീരങ്കി മൈതാനത്തു സ്വാതന്ത്ര്യ സമരത്തിനിടയിൽ വെടിയേറ്റു വീണവരുടെ ധീരസ്മരണകളുണ്ട്.
ബ്രിട്ടിഷ് പട്ടാളത്തിന്റെ വെടിയേറ്റ് 6 പേർ അവിടെ മരിച്ചുവീണു– കൊല്ലവർഷം 1114 ചിങ്ങം 17 (1938 സെപ്റ്റംബർ)ന്. സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കെ, സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി മൈതാനത്തു നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കാൻ വിലക്കു ലംഘിച്ചു ജനം ഒഴുകി.
ലാൽ ബഹാദൂർ സ്റ്റേഡിയം അന്നില്ല. ജനക്കൂട്ടവും പൊലീസുമായി ഉന്തും തള്ളും തുടങ്ങി.
അതു സംഘർഷമായി വളർന്നു. മണിക്കൂറുകളോളം നീണ്ട
പോരാട്ടത്തിൽ അനേകം പേർ ചോര ചീന്തി. ആശ്രാമം ലക്ഷ്മണൻ, അയത്തിൽ ബാലകൃഷ്ണപിള്ള, കൊല്ലൂർവിള മൈതീൻകുഞ്ഞ്, കുരീപ്പുഴ കൊച്ചുകുഞ്ഞ് ഉൾപ്പെടെ 6 പേർ രക്തസാക്ഷികളായി.
2 പേർക്കു കൂടി വെടിയേറ്റു. മൃതദേഹങ്ങൾ ശ്മശാനത്തിൽ കൊണ്ടുപോയി പൊലീസ് കൂട്ടിയിട്ടു കത്തിക്കുകയായിരുന്നത്രെ.
തൊഴിലാളി സംഘത്തിന്റെ െസക്രട്ടറി പത്തനാപുരം ഇടമുളയ്ക്കൽ കൊച്ചുകുഞ്ഞു ഗോവിന്ദൻ (കെ.സി.ഗോവിന്ദൻ) , പിൽക്കാലത്ത് മുൻസിഫ് ആയി മാറിയ ഇരവിപുരം ഉദയമാർത്താണ്ഡുരം നാരായണൻ വാസുദേവൻ, മയ്യനാട് കുഞ്ചൻ കേശവൻ (തിരു–കൊച്ചി മുൻ മുഖ്യമന്ത്രി സി.കേശവൻ), കുമ്പളത്ത് ശങ്കുപിള്ള, മീനാട്ടുപകുതിയിൽ അഡ്വ. ഗീവർഗീസ് കോശി (എം.ജി.കോശി), പത്രാധിപർ സുകുമാരൻ തുടങ്ങി 28 പേർക്കെതിരെ ആയിരുന്നു കേസ്.
സി.കേശവൻ, കുമ്പളത്തു ശങ്കുപിള്ള, പത്രാധിപർ സുകുമാരൻ പി.ജി.വർഗീസ്, എം.ജി.കോശി എന്നിവർക്ക് 3 വർഷം തടവും 50 രൂപ വീതം പിഴയും ശിക്ഷിച്ചു. മറ്റു പ്രതികൾക്കും തടവും പിഴയും ശിക്ഷ.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയപ്പോഴും ബ്രിട്ടിഷ് നിയന്ത്രണത്തിൽ തുടർന്ന നാടാണു തങ്കശ്ശേരി. നൂറ്റാണ്ടുകളോളം വിദേശാധിപത്യത്തിലായിരുന്ന തങ്കശ്ശേരി സ്വാതന്ത്ര്യാനന്തരമാണ് ഇന്ത്യൻ യൂണിയനിൽ ചേർന്നത്.
ജില്ലയിൽ അവസാനം ബ്രിട്ടിഷ് യൂണിയനിൽ ചേർന്ന സ്ഥലവും തങ്കശ്ശേരിയാകാം. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടിഷ് ഭരണത്തിന്റെ കീഴിലുള്ള അഞ്ചുതെക്ക് സബ് റജിസ്ട്രാർക്ക് ആയിരുന്നു ഭൂമി പതിവിനുള്ള അധികാരം.
തിരുനെൽവേലി കലക്ടറുടെ പരിധിയിലായിരുന്നു പ്രദേശം. പിന്നീടാണ് ഇന്ത്യൻ യൂണിയനിൽ ചേർന്നത്.
1806 മുതൽ 1948 വരെയായിരുന്നു ബ്രിട്ടിഷുകാർ തങ്കശ്ശേരിയുടെ യജമാനന്മാർ. 96 ഏക്കറും 55 സെന്റും ഉള്ള ഒരു ഉപദ്വീപ് ആയിരുന്നു തങ്കശ്ശേരി.
സിപിയുടെ കാലത്ത് തങ്കശ്ശേരി തിരുവിതാംകൂറിൽ ലയിപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഫലിച്ചില്ല. നാട്ടുകാരുടെ സമ്മതത്തോടെ തങ്കശ്ശേരിയുടെ കവാടത്തിൽ ആർച്ച് നിർമിപ്പിച്ചു കാവൽ ഏർപ്പെടുത്തി.
തങ്കശ്ശേരിക്കും അഞ്ചുതെങ്ങിനും മാത്രമായി ബ്രിട്ടിഷുകാരെ കൊണ്ടു കോടതിയും സ്ഥാപിച്ചു. ഇന്ന് കൊല്ലം കോർപറേഷനിലെ ഒരു ഡിവിഷനാണ് തങ്കശ്ശേരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

