മനുഷ്യസമുദായം ഒന്നാണെന്ന വലിയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് സ്വാതന്ത്ര്യസമര സേനാനി എം.കെ.രവീന്ദ്രൻ വൈദ്യർ വ്യക്തമാക്കി. വിവിധ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും മനുഷ്യരെല്ലാം ഒന്നാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്നും, എങ്കിൽ മാത്രമേ സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾക്ക് യഥാർത്ഥ അർത്ഥമുണ്ടാകൂ എന്നും അദ്ദേഹം വിദ്യാർത്ഥികളോട് ഓർമ്മിപ്പിച്ചു.
നൂറ്റിരണ്ടാം വയസ്സിലും തന്റെ ആശയങ്ങൾ വ്യക്തതയോടെ പങ്കുവെക്കുകയാണ് ഈ മുതിർന്ന പോരാളി. സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം ഇന്നത്തെ തലമുറ മനസ്സിലാക്കണം.
കെട്ടിപ്പൂട്ടിവച്ച ഒരു സമൂഹം എല്ലാ കെട്ടുകളും പൊട്ടിച്ച് എട്ടുപതിറ്റാണ്ട് മുൻപ് അനുഭവിച്ച ആ സന്തോഷത്തിന്റെ വില നാളേക്കു കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളോട് സംസാരിക്കവെ ബ്രിട്ടീഷ് കാലഘട്ടത്തിലെ കറുത്ത നാളുകൾ അദ്ദേഹത്തിന്റെ ഓർമ്മകളിൽ തെളിഞ്ഞു വന്നു.
1946 നവംബർ 14 ആയിരുന്നു ആ ദിവസം. ഇന്നത്തെപ്പോലെ ചുറ്റുമതിലുകൾ ഇല്ലാത്ത തിരുനക്കര മൈതാനത്തിലൂടെ 13 ആളുകൾ കയ്യാമം ധരിച്ച്, ഒറ്റമുണ്ട് മാത്രം വേഷമാക്കി നടന്നുനീങ്ങുന്ന കാഴ്ചയാണ് അദ്ദേഹം പങ്കുവെച്ചത്.
തെറ്റായ ഭരണകൂടത്തിനെതിരെ ജാഥ നയിച്ചതിന്റെ പേരിൽ ‘രാജ്യദ്രോഹം’ കുറ്റം ചുമത്തി ജില്ലാ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു അവരെ. പൂഞ്ഞാറിൽനിന്നു പാലായിലേക്ക് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജാഥ നയിച്ച സംഘത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരനായിരുന്നു രവീന്ദ്രൻ വൈദ്യർ.
നിയമലംഘനത്തിന് അറസ്റ്റിലായവരെ അപ്പീൽ അവധിക്ക് ജില്ലാ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് രവീന്ദ്രൻ വൈദ്യർ ഉൾപ്പെടെയുള്ള സമരക്കാരെ അർധനഗ്നരാക്കി ജില്ലാ ആസ്ഥാനത്തുകൂടി നടത്തിച്ചത്. ലോക്കപ്പിൽ നിന്നും മുണ്ടും ജുബ്ബയും ധരിച്ചാണ് എത്തിയതെങ്കിലും, തിരുനക്കര മൈതാനം വരെ എത്തിയപ്പോൾ വസ്ത്രങ്ങൾ അഴിച്ച് വെയിലത്ത് നടത്തിക്കുകയായിരുന്നു.
പിന്നീട് സെൻട്രൽ ജയിലിലും സംസ്ഥാനത്തെ വിവിധ ജയിലുകളിലുമായി അദ്ദേഹം ശിക്ഷ അനുഭവിച്ചു. സ്വാതന്ത്ര്യദിനത്തിന് മുൻപായി ജയിൽ മോചിതനായ അദ്ദേഹം, ഓഗസ്റ്റ് 15 ലെ ആ സ്വാതന്ത്ര്യ പ്രഖ്യാപന നിമിഷങ്ങൾ ഇന്നും വലിയ ആവേശത്തോടെയാണ് സ്മരിക്കുന്നത്.
‘‘1947 ഓഗസ്റ്റ് 15ന് ജന്മനാടായ പൂഞ്ഞാറിലായിരുന്നു. ഒരു കെട്ട് പൊട്ടിച്ചെറിഞ്ഞ ആഹ്ലാദമായിരുന്നു അന്ന്.
പരസ്പരം കൈകൊടുത്തും അഭിനന്ദിച്ചും മധുരം നൽകിയും ഒക്കെ ആഘോഷിച്ചു. പലരും സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു’’ എന്ന് അദ്ദേഹം ഓർക്കുന്നു.
സ്വാതന്ത്ര്യ സമര രംഗത്തേക്ക് താൻ കടന്നുവരാൻ കാരണം സി.കേശവൻ നൽകിയ ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. 1943ൽ അഖില തിരുവിതാംകൂർ കർഷക സമ്മേളനം പൂഞ്ഞാറിൽ നടന്നപ്പോൾ സി.കേശവൻ നടത്തിയ പ്രസംഗം തന്റെ മനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽപ്പുണ്ട്.
പാരമ്പര്യ വിഷചികിത്സയിലും അഗ്രഗണ്യനാണ് എം.കെ.രവീന്ദ്രൻ വൈദ്യർ. സമരത്തിന് ശേഷം ജയിൽമോചിതനായി കോരുത്തോട് കോസടിയിൽ വിഷചികിത്സ ആരംഭിച്ച അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.
1972ൽ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കാൻ നൽകുന്ന താമ്രപത്രം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് 2003ൽ ഡൽഹിയിൽ എത്തിയ അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം ആദരിക്കുകയുണ്ടായി.
കോരുത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ എം.പി.ലെന മോൾ, ദേവിക ബിജു, ഡയാന ഡെറ്റി, അതുല്യ സിബി, അനീറ്റ മോൾ ജിജോ, അർച്ചന കെ.അനീഷ്, കെ. എം.ഐശ്വര്യ, ജോസ്ന ആൻ ജോസ്, കെ.എ.നീരജ്, അഭയ് അനീഷ്, അഭിഷേക് രതീഷ്, എം.ആർ.ദേവാനന്ദ് രാജ്, അർജുൻ സൈജു, ഹരിനന്ദൻ കെ.ദാസ്, ഇ.എസ്.വൈഷ്ണവ്, പി.വി.ശബരിനാഥ് എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എസ്.റ്റിട്ടി, അധ്യാപകൻ എം.ആർ.ഉല്ലാസ്, വൈസ് പ്രസിഡന്റ് കെ.എ.ഷൈൻ കുമാർ എന്നിവരോടൊപ്പമാണ് എം.കെ.രവീന്ദ്രൻ വൈദ്യരെ സന്ദർശിക്കാനെത്തിയത്.
മതസ്പർധയും ഭീകരവാദവും ഇല്ലായ്മ ചെയ്ത് മനുഷ്യർ ഒന്നാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാകണമെന്നും, സ്വതന്ത്രമായി ജീവിക്കാനും സംസാരിക്കാനും സംഘടിക്കാനുമുള്ള അവകാശം എന്നുമുണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രവീന്ദ്രൻ വൈദ്യരുടെ ഭാര്യ സരോജിനിയമ്മയ്ക്കും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തോട് ചേർന്നുനിൽക്കുന്ന ഓർമ്മകളുണ്ട്.
1937ൽ കുമാരനല്ലൂരിൽ ഗാന്ധിജി എത്തിയപ്പോൾ താലപ്പൊലി എടുക്കാൻ പോയ അന്ന് പതിനൊന്നു വയസ്സുകാരിയായിരുന്ന സരോജിനി ഗാന്ധിജിയെ അടുത്തു കണ്ട ഓർമ്മകളും പങ്കുവെക്കുന്നു.
കൂടാതെ, തനിക്ക് പേരിട്ടത് ശ്രീനാരായണ ഗുരു ആണെന്നും തന്റെ മൂന്നാം വയസ്സിൽ പൂഞ്ഞാർ മങ്കുഴിയിലെ തറവാട്ടുവീട്ടിൽ ഗുരുദേവൻ എത്തിയിരുന്നതായും രവീന്ദ്രൻ വൈദ്യർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

