രാജ്യത്ത് വിലക്കയറ്റത്തിനും സ്കൂളുകളിലെ മോശം സൗകര്യങ്ങൾക്കുമെതിരെ ഫ്രാൻസില്‍ ശക്തമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തുടരുന്നതിനിടയിലും യുവേഫ ചാമ്പ്യൻസ് ലീഗിലെ പിഎസ്ജി-ബാഴ്സലോണ മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. ബുധനാഴ്ചയാണ് പാരീസിൽ ഈ മത്സരം നടക്കേണ്ടത്.
രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് തുറന്നുപറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കെ തന്നെ ചാമ്പ്യൻസ് ലീഗ് മത്സരം നടത്തുന്നതിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.
അര ദശലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നുവെങ്കിലും, ചില സംഘങ്ങൾ പാരീസ്, ലിയോൺ, മാഴ്സെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായി തീവെപ്പും കൊള്ളയും നടത്തി.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 2,500-ലധികം ആളുകളെ അറസ്റ്റ് ചെയ്തതായും ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി നൽകിയ രാജി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിരസിക്കുകയും ചെയ്തു.
അതിനിടെ, രാജ്യത്തുണ്ടായ അക്രമസംഭവങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബുകളുടെ ഔദ്യോഗിക ഷോപ്പുകളെയും സാരമായി ബാധിച്ചു. പ്രമുഖ ലീഗ് 1 ക്ലബ്ബുകളായ മാഴ്സെയുടെയും ലില്ലെയുടെയും നഗരമധ്യത്തിലുള്ള ഔദ്യോഗിക ഫാൻ സ്റ്റോറുകൾ പ്രക്ഷോഭകാരികൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.
സംഭവിച്ച വലിയ നാശനഷ്ടങ്ങളെ തുടർന്ന് ഇരു ക്ലബ്ബുകളുടെയും ഷോപ്പുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

