കേരള രാഷ്ട്രീയത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളിക്കേസിൽ മുൻ എം.എൽ.എ എ.ടി.ജോർജിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതോടെ കേസിൽ ഉൾപ്പെട്ടിരുന്ന നാല് യു.ഡി.എഫ് എം.എൽ.എമാരും പൂർണ്ണമായും കുറ്റവിമുക്തരായിരിക്കുകയാണ്.
2015 മാർച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധവും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് കേസിനാധാരം.
ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് എ.ടി.ജോർജിനെ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. ഈ വിധിയോടുകൂടി, യു.ഡി.എഫ് എം.എൽ.എമാർക്കെതിരെയുള്ള വിചാരണയ്ക്കൊപ്പം തങ്ങളുടെ കേസും ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം എം.എൽ.എമാർ സമർപ്പിച്ച ഹർജിക്ക് യാതൊരുവിധ നിലനിൽപ്പുമില്ലാതായി മാറി.
സഭയ്ക്കുള്ളിൽ വെച്ച് ഇടത് വനിതാ എം.എൽ.എമാരെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് മുൻ യു.ഡി.എഫ് എം.എൽ.എമാരായ കെ.ശിവദാസൻ നായർ, എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെ 2024ൽ തന്നെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇപ്പോൾ എ.ടി.ജോർജ് കൂടി കുറ്റവിമുക്തനായതോടെ യു.ഡി.എഫ് നേതാക്കൾക്കെതിരായ കേസുകൾ പൂർണ്ണമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
ബജറ്റ് അവതരണം തടയാൻ എൽ.ഡി.എഫ് അംഗങ്ങൾ ശ്രമം നടത്തുന്നതിനിടയിൽ, ഇടത് വനിതാ എം.എൽ.എമാരായ കെ.കെ.ലതിക, ജമീല പ്രകാശം, ഗീത ഗോപി തുടങ്ങിയവരെ തടഞ്ഞുവെച്ച് അപമര്യാദയായി പെരുമാറി എന്നതായിരുന്നു യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ ഈ വാദങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കൊണ്ടാണ് കോടതി നാല് യു.ഡി.എഫ് നേതാക്കളേയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
അതേസമയം, സഭയിൽ അതിക്രമങ്ങൾ അഴിച്ചുവിട്ട എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പൊതുമുതൽ നശീകരണ നിയമപ്രകാരമുള്ള കേസ് നിലവിലുണ്ട്.
സ്പീക്കറുടെ വേദിയിലേക്ക് അതിക്രമിച്ചുകയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് കേസ്. വി.ശിവൻകുട്ടി, കെ.ടി.ജലീൽ, സി.കെ.നാണു, കെ.അജിത്, ഇ.പി.ജയരാജൻ, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് നിലവിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ കേസ് പിൻവലിക്കാൻ എൽ.ഡി.എഫ് ഭരണത്തിലിരുന്ന വേളയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ കോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് 2021 ജൂലൈയിൽ സുപ്രീം കോടതിയും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപ്പീൽ തള്ളിക്കളയുകയായിരുന്നു.
സുപ്രീം കോടതി വിധിയെ തുടർന്ന് എൽ.ഡി.എഫ് നേതാക്കൾ വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായതിന് ശേഷമാണ് എൽ.ഡി.എഫ് എം.എൽ.എമാർ യു.ഡി.എഫ് നേതാക്കൾക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.
2023ൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയാണ് ഈ കേസ് എടുത്തത്. എൽ.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള കേസിനെ പ്രതിരോധിക്കാനുള്ള തന്ത്രമായാണ് ഇത് വ്യാപകമായി വിമർശിക്കപ്പെട്ടത്.
2024ൽ മൂന്ന് നേതാക്കളെയും ഇപ്പോൾ എ.ടി.ജോർജിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഈ സംഭവത്തിൽ എൽ.ഡി.എഫ് നേതാക്കൾ മാത്രം വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

