നാടിനെ നടുക്കിയ കവർച്ചയ്ക്കും കൊലപാതകത്തിനും പിന്നിൽ ഒന്നിലേറെപ്പേരുണ്ടെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) ആണ് കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് പേരക്കുട്ടിയായ സ്കൂൾ വിദ്യാർഥിനിയാണ് ഒപ്പം താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞ് എത്തിയ കുട്ടി വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. തുടർന്ന് ആശുപത്രിയിലുള്ള മുത്തശ്ശിയെ വിവരം അറിയിക്കുകയും, കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാൻ നിർദ്ദേശം ലഭിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ എത്തിയപ്പോഴും വീട് തുറക്കാത്തതിനെത്തുടർന്ന് കുട്ടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തുറന്നുകിടന്ന അടുക്കള വാതിൽ വഴി അകത്തു കടന്നു നടത്തിയ പരിശോധനയിലാണ് കയ്യും കാലുകളും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിൽ ഡൈനിങ് ഹാളിൽ മൃതദേഹം കണ്ടെത്തിയത്.
ശുചിമുറിയുടെ വെന്റിലേഷൻ വഴിയാകാം പ്രതികൾ അകത്തു കയറിയതെന്നാണ് പ്രഥമിക നിഗമനം. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിച്ച നിലയിലുണ്ട്.
വാടകവീടിനു സമീപം മക്കൾക്കായി പുതിയ വീടുകളുടെ നിർമാണം നടക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഇവിടത്തെ തൊഴിലാളികൾക്ക് ശിവൻകുട്ടി ചെട്ടിയാർ ചായ നൽകുന്നത് സമീപവാസികൾ കണ്ടിരുന്നു.
അതിനാൽ അന്ന് സന്ധ്യയ്ക്കോ രാത്രിയോ ആകാം കൊലപാതകം നടന്നതെന്നാണ് സംശയം. സ്ഥിരമായി സ്വർണമാല ധരിച്ചിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്നും മോഷ്ടാക്കൾ കരുതിയിരിക്കാം.
കുറ്റകൃത്യത്തിലും തെളിവുനശിപ്പിക്കുന്നതിലും പ്രൊഫഷണൽ രീതികളാണ് അവലംബിച്ചിട്ടുള്ളത്. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയ തോതിലിൽ മുളകുപൊടി വിതറിയിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് നായ മണംപിടിച്ച് വീടിന്റെ പിന്നിലേക്ക് ഓടുകയാണുണ്ടായത്. പ്രധാന റോഡ് വഴിയല്ല പ്രതികൾ എത്തിയതും മടങ്ങിയതുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, കായംകുളം ഡിവൈഎസ്പി ടി.രാജപ്പൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.
പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. മകൾ ശ്രീകലയുടെ പ്രസവത്തിനായി ഭാര്യ ആശുപത്രിയിലായതിനെത്തുടർന്ന് വീട്ടിൽ തനിച്ചായ ഗൃഹനാഥനെയാണ് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടി ശ്വാസംമുട്ടിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്.
കിടപ്പുമുറിയിലെ അലമാര പൊളിച്ച നിലയിലാണുള്ളത്. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.
മറ്റൊരു മകൾ ശശികല വിദേശത്താണ്. വീട്ടിൽ ഇദ്ദേഹം തനിച്ചാണെന്ന് കൃത്യമായി അറിയാവുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നിർമാണത്തൊഴിലാളികളെയും പൊലീസ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതിനാലാകാം കൊലപാതകം നടത്തിയതെന്ന സംശയവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

